റിഫ മെഹ്നുവിന്റെ മരണം: രണ്ടുദിവസം പോലീസ് കസ്റ്റഡിയില്‍
കോഴിക്കോട്: വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് മെഹ്നാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞദിവസം ഇയാളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മെഹ്നാസിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടുദിവസത്തെ കസ്റ്റഡിയില്‍വിട്ടു.
പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചതോടെ ഇയാളുടെ സ്വദേശമായ കാസര്‍കോട്ട് കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് ഒന്നാം തീയതി പുലര്‍ച്ചെയാണ് റിഫയെ ദുബായിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവില്‍നിന്നുള്ള മാനസിക-ശാരീരിക പീഡനം റിഫയുടെ ആത്മഹത്യയ്ക്ക് കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി റിഫയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നു.
അതിനിടെ, റിഫയുടെ മരണത്തില്‍ അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് എംബസിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി. പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.