അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണെന്ന് സ്വാസിക
സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ രണ്ട് ദിവസം മുമ്പാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. കിടക്കയിൽ കിടക്കുന്ന സ്വാസികയും റോഷനുമാണ് പോസ്റ്ററിലുള്ളത്. സ്വാസിക അടക്കമുള്ള താരങ്ങൾ ഇത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
പോസ്റ്ററിലെ ഇന്റിമേറ്റ് രംഗത്തെ വിമർശിച്ചുകൊണ്ടുള്ള ചില കമന്റുകളും വന്നിരുന്നു. ‘ ആണുങ്ങളെ മാത്രമാണോ സിനിമ ‘കാണിക്കുവാൻ’ ഉദ്ദേശിക്കുന്നത് എന്നായിരുന്നു ഒരാൾ സ്വാസികയുടെ ഇൻസ്റ്റഗ്രാമിലെ പോസ്റ്ററിന് താഴെ കമന്റിട്ടത്. ഇതിന് ചുട്ടമറുപടി നൽകിയിരിക്കുകയാണ് നടിയിപ്പോൾ.’അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം.
അഡൽറ്റ്സ് ഓൺലി എന്നു പറഞ്ഞാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം, അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററിൽ സിനിമ കാണാം.പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ പ്ലീസ്…തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.’- എന്നാണ് സ്വാസിക കമന്റിന് മറുപടി നൽകിയിരിക്കുന്നത്.