വ്യവസായിയുടെ വീട്ടിൽ നിന്ന് പിടിച്ചത് 58 കോടിയുടെ നോട്ടുകൾ , എണ്ണിത്തീർക്കാൻ എടുത്തത് 13 മണിക്കൂർ, ‘ക്ഷ’ വരച്ച് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ
മുംബയ്: മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 58 കോടി രൂപയും 32 കിലോ സ്വർണവും ഉൾപ്പടെ 390 കോടി രൂപയുടെ അനധികൃത സമ്പാദ്യം. ജൽന,ഔറംഗാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
വ്യവസായിയുടെ ഓഫീസിലും സ്ഥാപനങ്ങളിലും നോട്ടുകെട്ടുകളുടെ വലിയ ശേഖരമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്താൻ 13 മണിക്കൂർ വേണ്ടിവന്നുവെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. വ്യാപാരിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അടുത്തകാലത്ത് ആദായ നികുതി വകുപ്പ് റെയ്ഡിൽ പിടിച്ചെടുക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇതെന്നാണ് റിപ്പോർട്ട്.
അടുത്തിടെ, സ്കൂൾ നിയമന അഴിമതിക്കേസിൽ ബംഗാൾ മുൻമന്ത്രി പാർത്ഥ ചാറ്റർജിക്കൊപ്പം അറസ്റ്റിലായി നടി അർപ്പിത മുഖർജിയുടെ ഫ്ളാറ്റുകളിൽ ഇ ഡി നടത്തിയ റെയ്ഡിൽ കോടികളുടെ കറൻസി നോട്ടുകൾ പിടിച്ചെടുത്തിരുന്നു. ആദ്യം നടത്തിയ റെയ്ഡിൽ 21കാേടി രൂപയും ആഭരണങ്ങളുമാണ് പിടിച്ചെടുത്ത്. രണ്ടാമത്തെ റെയ്ഡിൽ 28 കോടി രൂപയുടെ നോട്ടുകെട്ടുകളും അഞ്ചു കിലോ സ്വർണ്ണവുമാണ് ലഭിച്ചത്. മണിക്കൂറുകളെടുത്താണ് നോട്ടുകൾ എണ്ണിത്തീർത്തത്.