ജോലി സ്ഥലത്തുവച്ച് സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ
കണ്ണൂർ: പീഡനക്കേസിൽ കണ്ണൂർ നഗരസഭ കൗൺസിലർ പി വി കൃഷ്ണകുമാർ അറസ്റ്റിൽ. ഒളിവിലായിരുന്ന ഇയാളെ ബംഗളൂരുവിൽ നിന്ന് എ. സി. പി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.കണ്ണൂർ കോർപറേഷൻ കിഴുന്ന ഡിവിഷൻ കോൺഗ്രസ് കൗൺസിലർ കൃഷ്ണകുമാർ ജോലി സ്ഥലത്തുവച്ച് പീഡിപ്പിച്ചെന്നാരോപിച്ച് ജൂലായ് 20നാണ് സഹകരണ സംഘം ജീവനക്കാരി പരാതി നൽകിയത്. ബാങ്ക് സെക്രട്ടറിയും മറ്റു ജീവനക്കാരും പുറത്തേക്കു പോയ സമയത്ത് ബാങ്കിലെത്തിയ കൃഷ്ണകുമാർ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.സിറ്റി പൊലീസ് കമ്മിഷണർക്കും വനിതാ കമ്മിഷനുമാണ് പരാതി നൽകിയത്. എടക്കാട് പൊലീസ് കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാർ ഒളിവിൽ പോയി. പൊലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. എടക്കാട് മണ്ഡലം പ്രസിഡന്റായിരുന്നു കൃഷ്ണകുമാർ.