വ്യാജ ഇന്ത്യൻ വിസ ഉണ്ടാക്കി; ആഫ്രിക്കൻ പൗരൻമാർ അറസ്റ്റിൽ
ഡൽഹി: വ്യാജ ഇന്ത്യൻ വിസ ഉണ്ടാക്കി നൽകിയ രണ്ട് ആഫ്രിക്കൻ പൗരന്മാരെ ഡൽഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. 4,000 മുതൽ 5,000 രൂപയ്ക്കാണ് ഇവർ വിസ വിറ്റിരുന്നതെന്നാണ് റിപ്പോർട്ട്. റിപ്പബ്ലിക് ഒഫ് ഘാനയിൽ താമസിക്കുന്ന 33 കാരനായ ഒർട്ടെഗ ലിയോനാർഡ്, റിപ്പബ്ലിക് ഒഫ് കോട്ട് ഡി ഐവറിൽ താമസിക്കുന്ന 32 കാരനായ ഡിയോമാൻഡെ എന്നിവരാണ് അറസ്റ്റിലായത്.
ക്രൈം ബ്രാഞ്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പതിവായി ആഫ്രിക്കക്കാർ താമസിക്കുന്ന പ്രദേശങ്ങളിൽ പട്രോളിംഗ് നടത്തിയിരുന്നു. തുടർന്നാണ് ഇവരുടെ പങ്കാളിത്തം ക്രൈം ബ്രാഞ്ചിന് മനസിലായത്.ചന്ദർ വിഹാറിൽ താമസിക്കുന്ന രണ്ട് ആഫ്രിക്കൻ പൗരന്മാരുടെ വിസയുടെ കാലാവധി കഴിഞ്ഞെന്നും, അവർക്ക് ഇന്ത്യയിൽ താമസിക്കുന്നതിന് വേണ്ടി വ്യാജ വിസ രണ്ട് ആഫ്രിക്കൻ പൗരൻമാർ ഉണ്ടാക്കി നൽകുന്നതായി ഇൻസ്പെക്ടർ സതീഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയത്.
തുടർന്ന് പ്രതികളെ പിടികൂടുകയും ഇവരുടെ പക്കൽ നിന്ന് വ്യാജ വിസ തയ്യാറാക്കി വച്ചിരുന്ന ലാപ്ടോപ്പ് കണ്ടെത്തുകയും ചെയ്തു. ലാപ്ടോപ്പ് പരിശോധിച്ചപ്പോൾ, അതിൽ വ്യാജ ഇന്ത്യൻ വിസയുടെ ഡ്രാഫ്റ്റും, മറ്റ് സംശയാസ്പദമായ മറ്റ് ചില കാര്യങ്ങളും കണ്ടെത്തി.
കളർ പ്രിന്റർ, വ്യാജ വിസയുള്ള ആറ് പാസ്പോർട്ടുകൾ, സ്റ്റാമ്പുകൾ, ബ്ലാങ്ക് പ്രിന്റിംഗ് ഷീറ്റുകൾ, തട്ടിപ്പിനിരയായവരുടെ പണം പിൻവലിക്കാൻ ഇന്ത്യൻ ഉപഭോക്താക്കൾക്ക് നൽകിയ വിവിധ ബാങ്കുകളിൽ നിന്നുള്ള 28 എടിഎം കാർഡുകൾ, ബാങ്ക് പാസ്ബുക്ക്, ചെക്ക്, 11 മൊബൈൽ ഫോണുകൾ എന്നിവയാണ് കണ്ടെടുത്തത്.
2018ൽ മൂന്ന് മാസത്തെ ടൂറിസ്റ്റ് വിസയിലാണ് രണ്ട് പ്രതികളും ഇന്ത്യയിൽ വന്നതെങ്കിലും വിസയുടെ കാലാവധി കഴിഞ്ഞിട്ടും ഇവർ തിരിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിയില്ല. ചോദ്യം ചെയ്യലിൽ, 30 ഓളം ആഫ്രിക്കൻ പൗരന്മാർക്ക് വിസ തയ്യാറാക്കിയതായി ഇവർ വെളിപ്പെടുത്തി. കൂടുതൽ അന്വേഷണത്തിനായി രണ്ട് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടു.