തെറ്റുപറ്റിപ്പോയെന്ന് വിനീത്, സ്ത്രീകളിൽ നിന്ന് എല്ലാം കവരുന്നത് ഈ ഡയലോഗ് പറഞ്ഞ്; പ്ലസ്ടുക്കാരനായ റീൽസ് താരം മോഷണക്കേസിലും പ്രതി
തിരുവനന്തപുരം: അറസ്റ്റിലായ റീൽസ് താരം ചിറയിൻകീഴ് സ്വദേശി വിനീത് മോഷണക്കേസിലും പ്രതി. കന്റോൺമെന്റ്, കിളിമാനൂർ, കല്ലമ്പലം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണക്കേസുകളുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പൊലീസിലെ ജോലി രാജിവച്ച് ഒരു ചാനലിൽ ജോലി ചെയ്യുകയാണെന്നാണ് ഇയാൾ പലരോടും പറഞ്ഞിരുന്നത്. എന്നാൽ പ്ലസ് ടുവരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് തമ്പാനൂർ എസ് എച്ച് ഒ ആർ പ്രകാശ് ഒരു സ്വാകാര്യ ചാനലിനോട് പറഞ്ഞു.
‘പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷം, അവർക്ക് വേറെ ആൾക്കാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പ്രതി നടിക്കും. തുടർന്ന് ഇയാൾക്ക് തന്നെ വിശ്വാസം വരാൻ വേണ്ടി, പെൺകുട്ടി ഇമെയിൽ, ഇൻസ്റ്റഗ്രാം ഐഡികളും പാസ്വേർഡുമടക്കം നൽകും.
പിന്നെ ആ പെൺകുട്ടിയുടെ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നത് ഇയാളാണ്. ഈ പെൺകുട്ടി കോൺടാക്റ്റ് ചെയ്യാതെ വരുന്ന അവസരത്തിൽ അക്കൗണ്ടിൽ ഇവരൊന്നിച്ചുള്ള ചിത്രം സ്റ്റോറിയായി ഇടും. അങ്ങനെയുള്ള സമ്മർദം വഴി പെൺകുട്ടികൾക്ക് ഇയാൾ പറയുന്നത് അനുസരിക്കേണ്ടി വരും.
പ്രതി കുറ്റം സമ്മതിച്ചു. തെറ്റ് പറ്റിപ്പോയെന്ന് സമ്മതിച്ചിട്ടുണ്ട്. ഇയാൾക്കിതൊരു ഹരമായിരുന്നു. ആരും പരാതി നൽകാത്തത് പ്രതിക്ക് പ്രചോദനമായി.പരാതിക്കാരിയായ പെൺകുട്ടി റീൽസിലൊന്നും ഇയാൾക്കൊപ്പം പ്രവർത്തിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.