കാസർകോട്: കാസർകോട് മെഡിക്കൽ കോളേജിന് 37.00 കോടി രൂപ അനുവദിച്ചു. റെസിഡൻഷ്യൽ കോംപ്ലക്സിന് 29 കോടി രൂപയും ജലവിതരണ സംവിധാനത്തിന് എട്ട് കോടി രൂപയും അനുവദിക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന കാസർകോട് വികസന പാക്കേജ് സംസ്ഥാനതല എംപവേർഡ് കമ്മിറ്റി തീരുമാനിച്ചു. 6600 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മൂന്ന് നിലകളോട് കൂടിയ പെൺകുട്ടികളുടെ ഹൊസ്റ്റലും എട്ട് നിലകളുള്ള ടീച്ചേഴ്സ് ക്വാർട്ടേഴും ഉൾപ്പെടുന്നതാണ് റെസിഡൻഷ്യൽ കോംപ്ലക്സ്. നിലവിലെ ജലവിതരണ സ്കീമിൽ നിന്നും ഒരു അധിക ഫീഡർലൈൻ സ്ഥാപിച്ച് ബദിയഡുക്കയിലുളള മെഡിക്കൽ കോളേജ് ക്യാമ്പസിലേക്കും സമീപ പ്രദേശങ്ങളിലേക്കും ജലവിതരണം ചെയ്യുന്ന രീതിയിലാണ് നിർദ്ദിഷ്ട ജലവിതരണ പദ്ധതി. ശുദ്ധീകരിച്ച വെളളം മെഡിക്കൽ കോളേജ് ക്യാമ്പസിലേക്ക് വിതരണം ചെയ്യാൻ മൂന്ന് ലക്ഷം ലിറ്റർ സംഭരണശേഷിയുളള റിസർവോയർ പെർളയിലും മൂന്ന് ലക്ഷം ലിറ്റർ സംഭരണശേഷിയുളള റിസർവോയർ ബദിയഡുക്ക മെഡിക്കൽ കോളേജ് ക്യാമ്പസിലും നിർമ്മിക്കുന്നുണ്ട്. എട്ട് കോടി രൂപ വകയിരുത്തിയ ജലവിതരണ പദ്ധതിയുടെ ഉറവിടം ഷിറിയ നദിയാണ്.
നിലവിൽ കാസർകോട് വികസന പാക്കേജിൽ 30 കോടി രൂപ ചെലവിൽ അക്കാദമിക് കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. നബാർഡ് സഹായത്തോടെയുളള ആശുപത്രി കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. ചുറ്റുമതിൽ നിർമാണം ഭൂവികസന പ്രവൃത്തികൾ എന്നിവയും നടക്കുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി ദേവേന്ദ്ര കുമാർ സിങ്ങ്, പ്ലാനിങ് ആൻഡ് എക്കണോമിക് അഫയർ ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ ജയതിലക്, ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയർ ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ നാംദേവ് കോബ്രഗഡെ, പബ്ലിക് വർക്ക്സ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ആനന്ദ് സിങ്ങ്, പവർ ഡിപ്പാർട്ട്മെന്റ് ആൻഡ് വാട്ടർ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ബി അശോക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ, കലക്ടർ ഡോ. ഡി സജിത് ബാബു, സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് (അഗ്രികൾച്ചർ)എസ് എസ് നാഗേഷ്, കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ പി രാജമോഹൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു