കോഴിക്കോട് റെയില്‍വേ സ്റ്റേഷന് വഴി സ്വര്‍ണക്കടത്ത്
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍വഴി കോയമ്പത്തൂരിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ കള്ളക്കടത്ത് സ്വര്‍ണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഒന്നരക്കിലോ തൂക്കംവരുന്ന സ്വര്‍ണക്കട്ടിയുമായി തമിഴ്നാട് മധുര സ്വദേശികളായ ശ്രീധരന്, മഹേന്ദ്രകുമാര്‍ എന്നിവര്‍ അറസ്റ്റിലായത്.
സ്വര്‍ണം അരയില്‍ക്കെട്ടിയ ബെല്‍റ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു. വിമാനത്താവളംവഴി എത്തിക്കുന്ന സ്വര്‍ണമിശ്രിതം സ്വര്‍ണക്കട്ടികളാക്കി കോയമ്പത്തൂര്‍വഴി മധുരയിലേക്ക് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുറച്ചുദിവസങ്ങളിലായി റെയില്വേസ്റ്റേഷന് പരിസരം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
അസി.കമ്മിഷണര്‍ സിനോയ് കെ. മാത്യു, സൂപ്രണ്ടുമാരായ കെ.കെ. പ്രവീണ്‍കുമാര്‍, എം. പ്രകാശ്, ഇന്‍സ്പെക്ടര്‍മാരായ എം. പ്രതീഷ്, മുഹമ്മദ് ഫൈസല്‍, ഹെഡ് ഹവില്‍ദാര്‍ എം. സന്തോഷ് കുമാര്‍ എന്നിവരാണ് സ്വര്‍ണം പിടികൂടിയത്.