വിവരം നൽകുന്നവർക്ക് കാൽ ലക്ഷം രൂപ പാരിതോഷികം; സ്ത്രീയെ അപമാനിച്ചതിന് പിന്നാലെ ഒളിവിൽപ്പോയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
ലക്നൗ: അനധികൃത കയ്യേറ്റ തർക്കത്തിൽ അയൽവാസിയായ സ്ത്രീയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതിന് പിന്നാലെ ഒളിവിൽപോയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ഉത്തർപ്രദേശ് നോയിഡയിലെ ബിജെപി പ്രവർത്തകനായ ശ്രീകാന്ത് ത്യാഗിയെ മീററ്റിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കീഴടങ്ങുന്നതിനായുള്ള അപേക്ഷ ത്യാഗിയുടെ അഭിഭാഷകൻ നോയിഡ കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മീററ്റിലെ ശ്രദ്ധാപുരിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ത്യാഗിയെ പിടികൂടിയത്. ഡെഹ്റാഡൂൺ, ഹരിദ്വാർ, റൃഷികേഷ് വഴി സഹറാൻപൂരിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ. ത്യാഗിയുടെ ഭാര്യയെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെയാണ് ശ്രീകാന്തിന്റെ ഫ്ളാറ്റിൽ നിന്ന് ഭാര്യയെ പൊലീസ് കൂട്ടിക്കൊണ്ടുപോയത്. പിന്നാലെയാണ് ത്യാഗിയെ അറസ്റ്റ് ചെയ്തത്.
നോയിഡയിലെ സെക്ടർ 93യിലുള്ള ഗ്രാൻഡ് ഒമേക്സ് ഹൗസിംഗ് കോളനിയിലെ ത്യാഗിയുടെ അപ്പാർട്ട്മെന്റിലെ അനധികൃത കയ്യേറ്റം ഇന്നലെ ബുൾഡോസർ ഉപയോഗിച്ച് പൊലീസിന്റെ നേതൃത്വത്തിൽ പൊളിച്ചുമാറ്റിയിരുന്നു. സൊസൈറ്റിയിലെ പാർക്ക് അനധികൃതമായി കയ്യേറിയ ത്യാഗിയുടെ നടപടിയിൽ പ്രതിഷേധിച്ച പ്രദേശത്തെ മറ്റ് താമസക്കാർ 2019ൽ നോയിഡയിലെ അധികൃതർക്ക് പരാതി നൽകിയിരുന്നു. പിന്നാലെ 2020ൽ അധികൃതർ ത്യാഗിക്ക് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ തന്റെ സ്വാധീനം ഉപയോഗിച്ച് ത്യാഗി നടപടിയെ ചെറുത്തു.
തർക്കം നിലനിൽക്കുന്നതിനിടെ കഴിഞ്ഞയാഴ്ച ഇയാൾ കുറച്ച് മരങ്ങൾ നടാൻ ശ്രമിച്ചത് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി അയൽക്കാരിയായ സ്ത്രീ പരാതിപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ ത്യാഗി സ്ത്രീയെ അധിക്ഷേപിക്കുകയും അപകീർത്തിപരമായി സംസാരിക്കുകയും ചെയ്തു. ഇത് എതിർത്ത സ്ത്രീയെ ഇയാൾ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സ്ത്രീയുടെ ഭർത്താവിനെതിരെയും ത്യാഗി ആക്ഷേപങ്ങൾ ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ നേതൃത്വത്തിൽ ത്യാഗിയുടെ അനധികൃത കയ്യേറ്റം പൊളിച്ചുമാറ്റിയത്.