മോൺസൺ മാവുങ്കലുമായുള്ള ബന്ധം; ഐ ജി ലക്ഷ്മണയുടെ സസ്പെൻഷൻ മൂന്ന് മാസം നീട്ടി
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായുമുള്ള ബന്ധത്തിന്റെ പേരിൽ സസ്പെൻഷനിലായ ഐജി ഗോഗുലത്ത് ലക്ഷ്മണിന്റെ സസ്പെൻഷൻ കാലാവധി മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടി. ലക്ഷ്മണിനെതിരായ അന്വേഷണം പൂർത്തിയാക്കാൻ ആറ് മാസം കൂടി ആവശ്യമാണെന്ന് ഇന്റലിജൻസ് എഡിജിപി സർക്കാരിനെ അറിയിച്ചിരുന്നു. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുന്നത് ശരിയല്ലെന്നു സസ്പെൻഷൻ പുന:പരിശോധിക്കുന്ന കമ്മിറ്റി വിലയിരുത്തി. ഇതിന്റെ ഭാഗമായി 90 ദിവസം കൂടി സസ്പെൻഷൻ തുടരണമെന്ന കമ്മിറ്റിയുടെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. ഓഗസ്റ്റ് പത്തിനാണ് ഈ സസ്പെൻഷൻ കാലാവധി അവസാനിക്കുന്നത്.
മോന്‍സണെതിരെ ചേര്‍ത്തല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ ശേഷം വീണ്ടും ലോക്കല്‍ പൊലീസിനുതന്നെ അന്വേഷണം കൈമാറുന്നതിനായി ലക്ഷ്മണ് ഇടപെട്ടതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. കേസുകള്‍ ഒതുക്കാനും ലക്ഷ്മണിന്റെ സഹായം കിട്ടിയെന്ന് മോന്സണ് അവകാശപ്പെടുന്ന വീഡിയോ, ഓഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മൺ സോഷ്യല്‍ പൊലീസിംഗ്, ട്രാഫിക് ചുമതലയുള്ള ഐജിയായിരിക്കെയാണ് സസ്പെൻഷനിലായത്. ജനുവരിയിൽ എഡിജിപി പദവിയിൽ എത്തേണ്ടിയിരുന്ന ലക്ഷ്മണിന് 2033 വരെയാണ് സർവീസ് കാലാവധി.