ഇസ്രയേലിലേക്ക് ഹമാസ് തീവ്രവാദികൾ തൊടുത്ത റോക്കറ്റുകൾ വീണത് പാലസ്തീനികളുടെ മേൽ, 14 പേർ കൊല്ലപ്പെട്ടു
ഗാസ : ഒരു ഇടവേളയ്ക്ക് ശേഷം ഗാസ മുനമ്പ് വീണ്ടും സംഘർഷ ഭരിതമാവുകയാണ്. ഇസ്രയേലും പാലസ്തീൻ തീവ്രവാദികളും തമ്മിലുള്ള തർക്കം രക്തരൂക്ഷിമായി. മൂന്ന് ദിവസത്തെ പരസ്പരമുള്ള ആക്രമണത്തിന് ശേഷം വെടിനിർത്തൽ പ്രഖ്യാപിച്ചുവെങ്കിലും ആക്രമണത്തിൽ അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ 14 പാലസ്തീനികൾ കൊല്ലപ്പെട്ടത് ഇസ്രയേൽ ആക്രമണത്തിലല്ലെന്നും ഹമാസ് തീവ്രവാദികൾ നടത്തിയ റോക്കറ്റ് ആക്രമണത്തിലുണ്ടായ പിഴവാണ് കാരണമെന്നും ഇസ്രയേൽ ആരോപിച്ചു. ജനവാസ മേഖലയിൽ റോക്കറ്റ് പതിച്ചതാണ് മരണസംഖ്യ ഉയർത്തിയത്.
തീവ്രവാദികൾ ഇസ്രയേലിലേക്ക് അയച്ച റോക്കറ്റ് ലക്ഷ്യം തെറ്റി പാലസ്തീനിലെ ജനവാസ കേന്ദ്രങ്ങളിൽ പതിക്കുന്നതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. രണ്ടിടത്താണ് ഇങ്ങനെ സ്ഫോടനമുണ്ടായത്. ഇങ്ങനെ മാത്രം ഒരു ഡസനിലധികം പ്രദേശവാസികൾ കൊല്ലപ്പെട്ടു. അതേസമയം ഹമാസ് തീവ്രവാദികളടക്കം 47 ലധികം പാലസ്തീനികൾ ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാലസ്തീനിലെ 170 ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ വെളിപ്പെടുത്തി. തീവ്രവാദ കേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യം വച്ചതെന്നും അവരുടെ നേതാക്കളായ തയ്സിർ അൽജബാരിയും ഖാലിദ് മൻസൂരും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും ഇസ്രയേൽ സ്ഥിരീകരിച്ചു.
മൂന്ന് ദിവസത്തെ ആക്രമണ പ്രത്യാക്രമണങ്ങൾ ഈജിപ്ഷ്യൻ പ്രസിഡന്റ് ഇടപെട്ടാണ് നിർത്തി വച്ചത്. ഇരുപക്ഷമായും നടത്തിയ ചർച്ചകൾ താത്കാലിക വെടിനിർത്തലിൽ എത്തുകയായിരുന്നു. ശത്രുവിന് വിനാശകരമായ പ്രഹരമാണ് നൽകിയതെന്ന് വെടിനിർത്തലിന് ശേഷം നടത്തിയ ടെലിവിഷൻ പ്രസംഗത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി യെയർ ലാപിഡ് പറഞ്ഞു.