മിസ് ഇന്ത്യ യു എസ് എ കിരീടം ചൂടി ആര്യ അഭിജിത്ത്; ശ്രദ്ധനേടി വികാരനിർഭരമായ കുറിപ്പ്
വാഷിംഗ്ടൺ: ന്യൂജേഴ്സിയിൽ നടന്ന മിസ് ഇന്ത്യ യു എസ് എ 2022 സൗന്ദര്യ മത്സരത്തിൽ കിരീടം ചൂടി വിർജിനയിൽ നിന്നുള്ള പതിനെട്ടുകാരി. ടെഡ്സ് പ്രഭാഷകയും നടിയും യൂഫോറിയ എന്ന നൃത്തപരിശീലന സ്ഥാപനത്തിന്റെ സ്ഥാപകയുമായ ആര്യ അഭിജിത്ത് വാൽവേക്കർ ആണ് മിസ് ഇന്ത്യ യുഎസ് 2022 ആയി തിരഞ്ഞെടുക്കപ്പെട്ടത്.
തനിക്ക് കിട്ടിയ വലിയ അവസരം സ്നേഹവും അവബോധവും പോസിറ്റിവിറ്റിയും പങ്കുവയ്ക്കുന്നതിനായി ഉപയോഗിക്കുമെന്ന് ആര്യ പറഞ്ഞു. ഇത് വെറുമൊരു കിരീടമല്ലെന്നും വലിയൊരു ഉത്തരവാദിത്തമാണെന്നും ആര്യ പറഞ്ഞു.
മുപ്പത് യുഎസ് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 74 മത്സരാർത്ഥികളാണ് മൂന്ന് വ്യത്യസ്ത മത്സരങ്ങളിലായി പങ്കെടുത്തത്. മിസ് ഇന്ത്യ യു എസ് എ, മിസിസ് ഇന്ത്യ യു എസ് എ, മിസ് ടീൻ ഇന്ത്യ യു എസ് എ എന്നിങ്ങനെയായിരുന്നു മത്സരങ്ങളാണ് സംഘടിപ്പിച്ചിരുന്നത്. വാഷിംഗ്ടണിൽ നിന്നുള്ള അക്ഷി ജെയിൻ മിസിസ് ഇന്ത്യ യു എസ് എയായും ന്യൂയോർക്കിൽ നിന്നുള്ള തൻവി ഗ്രോവർ മിസ് ടീൻ ഇന്ത്യ യു എസ് എയായും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയ്ക്ക് പുറത്ത് നടത്തുന്ന ഇന്ത്യൻ സൗന്ദര്യ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ കാലമായി നടത്തിവരുന്നതാണ് മിസ് ഇന്ത്യ യു എസ് എ മത്സരം.