ഇടമലയാർ ഡാം തുറന്നു; ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പുലർത്തണമെന്നും നിർദേശം
എറണാകുളം: ജലനിരപ്പ് ഉയർന്ന് റൂൾ കർവ് പിന്നിട്ട സാഹചര്യത്തിൽ ഇടമലയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി. ഡാമിന്റെ സ്പിൽവേ രണ്ട്, മൂന്ന് ഷട്ടറുകളാണ് 25 സെന്റിമീറ്റർ ഉയർത്തിയത്. 50 മുതൽ 100 ക്യൂമെക്സ് വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് വിടുന്നത്. സ്പിൽവേയ്ക്ക് നാല് ഷട്ടറുകളാണ് ഉള്ളത്. ജലനിരപ്പ് റൂൾ കർവിൽ നിന്ന് താഴ്ന്നില്ലെങ്കിൽ മറ്റ് ഷട്ടറുകൾ കൂടി തുറക്കും.
നിലവിൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും ശക്തമാണ്. ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ചെറിയ തോതിൽ ഉയരാൻ സാദ്ധ്യതയുണ്ട്. ആശങ്കപ്പെടേണ്ടതില്ലെങ്കിലും പെരിയാർ തീരത്ത് ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം ജില്ലയിൽ അടുത്ത മൂന്ന് ദിവസം ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. മഴ മാറിനിൽക്കുന്ന സാഹചര്യമായതിനാൽ ഡാമുകളിൽ നിന്നുള്ള വെള്ളം ഉൾക്കൊള്ളാൻ പെരിയാറിനാകുമെന്ന് ജലസേചന വകുപ്പ് അധികൃതർ പറയുന്നു.
അതേസമയം, ജലനിരപ്പ് കുറയാത്തതിനാൽ മുല്ലപ്പെരിയാർ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. 8626 ക്യൂമെക്സ് വെള്ളമാണ് പുറത്തേക്ക് വിടുന്നത്. 139.55 അടിയാണ് ഡാമിലെ ജലനിരപ്പ് ഉയർന്നത്. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്.