അവസരം മുതലാക്കി; ഇനി നാട്ടിലേക്കില്ല, കോമൺവെൽത്ത് ഗെയിംസിനെത്തിയ ലങ്കൻ താരങ്ങൾ മുങ്ങി
ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിനായി ഇംഗ്ളണ്ടിലെ ബർമിംഗ്ഹാമിലെത്തിയ ശ്രീലങ്കൻ താരങ്ങളെ കാണാനില്ല. ഇവർ യുകെയിലേക്ക് ഒളിച്ചുകടന്നുവെന്നാണ് വിവരം. ഒൻപത് അത്ലീറ്റുകളെയും ഒരു മാനേജറെയും മത്സരങ്ങൾക്ക് ശേഷം കാണാതാവുകയായിരുന്നു.
ജൂഡോ താരം ചമില ദിലാനി, മാനേജർ അസേല ഡിസിൽവ, ഗുസ്തി താരം ഷാനിത് ചതുരംഗ എന്നിവരെ കഴിഞ്ഞയാഴ്ചയാണ് കാണാതായത്. ഇതിന് പിന്നാലെ മറ്റ് ഏഴ് ലങ്കൻ താരങ്ങളെക്കൂടി കാണാതാവുകയായിരുന്നു. ശ്രീലങ്കൻ പ്രതിസന്ധിയെത്തുടർന്നാണ് ഇവർ രാജ്യം വിട്ടതെന്നാണ് വിവരം. യുകെയിൽ തന്നെ തൊഴിൽ കണ്ടെത്തി സ്ഥിരതാമസമാക്കാനാണ് ഇവരുടെ തീരുമാനമെന്ന് ശ്രീലങ്കൻ ഉദ്യോഗസ്ഥൻ പറയുന്നു.
മത്സരത്തിനെത്തിയ താരങ്ങളുടെ പാസ്പോർട്ട് ലങ്കൻ അധികൃതർ വാങ്ങിവച്ചിരുന്നു. എന്നാൽ ഇതും മറികടന്നാണ് ഇവർ മുങ്ങിയത്. ഇതാദ്യമായല്ല ശ്രീലങ്കയിൽ നിന്ന് പോകുന്ന കായിക താരങ്ങൾ തിരികെയെത്താത്തത്. 2004ൽ ജർമനിയിൽ ഹാൻഡ് ബോൾ ടൂർണമെന്റിന് പോയ 23 അംഗ ലങ്കൻ താരങ്ങൾ തങ്ങളുടെ രാജ്യത്തേക്ക് തിരികെപോയില്ല. 2014ൽ ദക്ഷിണ കൊറിയയിൽ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ പോയ ശ്രീലങ്കൻ താരങ്ങളെയും കാണാനില്ല. കഴിഞ്ഞ വർഷം നോർവേയിൽ ഗുസ്തി മത്സരത്തിനായി പോയ ലങ്കൻ പരിശീലകനും മുങ്ങിയിരുന്നു.