പ്രമുഖ നടി കുവൈത്തിൽ അറസ്റ്റിൽ; പിടിയിലാകുമ്പോൾ മദ്യലഹരിയിലായിരുന്നെന്ന് അധികൃതർ
കുവൈത്ത് സിറ്റി: വിമാനത്താവളത്തിൽ വച്ച് പ്രമുഖ നടിയെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെന്ന് അധികൃതർ അറിയിച്ചതായി കുവൈത്ത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രശസ്തയായ നടിയെ അറസ്റ്റ് ചെയ്തെന്ന് മാത്രമേ അധികൃതർ അറിയിച്ചിട്ടുള്ളൂ. ഇതാരാണെന്നോ കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.നടി വിദേശത്തുനിന്നാണ് എത്തിയത്. പാസ്പോർട്ട് പരിശോധിക്കുന്നതിനിടയിൽ നടിയുടെ പേരിൽ കുവൈത്ത് പബ്ലിക്ക് പ്രോസിക്യൂഷൻ വാറണ്ട് പുറപ്പെടുവിച്ചതായി കണ്ടെത്തി. തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ സമയം നടി മദ്യലഹരിയിലായിരുന്നെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.