കുന്ദമംഗലം: 10 കിലോഗ്രാം കഞ്ചാവുമായി കുന്ദമംഗലത്ത് ഒരാള്‍ പിടിയില്‍. ആരാമ്പ്രം പുള്ളിക്കോത്ത് മാഞ്ഞോറമ്മല്‍ ഇസ്മയിലിനെ (56) ആണ് ജില്ലാ ലഹരിവിരുദ്ധ സ്പെഷ്യല്‍ സ്ക്വാഡും കുന്ദമംഗലം പോലീസും ചേര്‍ന്ന് പിടികൂടിയത്. കൊടുവള്ളി, കുന്ദമംഗലം, ആരാമ്പ്രം ഭാഗങ്ങളിലെ യുവാക്കള്‍ക്കും മറുനാടന്‍ തൊഴിലാളികള്‍ക്കും കഞ്ചാവ് വില്‍ക്കുന്നത് ഇയാളാണെന്ന് പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതി നിരീക്ഷണത്തിലായിരുന്നു.
പട്രോളിങ്ങിനിടെ ആരാമ്പ്രത്ത് പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇസ്മയിലിനെ പോലീസ് കുടുക്കുകയായിരുന്നു . ബൈക്കില്‍ സഞ്ചരിച്ച ഇയാളുടെ ബാഗില്‍നിന്ന് രണ്ട് കിലാഗ്രാം കഞ്ചാവാണ് ആദ്യം കണ്ടെത്തിയത്. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ആന്ധ്രയില്‍ നിന്നെത്തിച്ച ബാക്കി കഞ്ചാവ് കല്ലുംപുറത്തുള്ള വാടകവീട്ടില്‍ സൂക്ഷിച്ചതായി ഇയാള്‍ സമ്മതിച്ചു. സംഭവത്തില്‍ എട്ട് കിലോഗ്രാം കഞ്ചാവാണ് വാടകവീട്ടില്‍ നിന്ന് കണ്ടെടുത്തത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ അഞ്ച് ലക്ഷം രൂപയോളം വില വരും. അറസ്റ്റ് ചെയ്ത പ്രതിയെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി.