കോഴിക്കോട് ഇരട്ടസ്ഫോടനം: തടിയന്റവിട നസീറിനെ വെറുതെവിട്ടതിനെതിരെ എന്‍ഐഎ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീര്‍, കൂട്ടുപ്രതി ഷഫാസ് എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ എന്‍ഐഎ സുപ്രീം കോടതിയെ സമീപിച്ചു. സ്ഫോടനത്തില്‍ ഇരുവരുടെയും പങ്ക് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. എന്‍ഐഎയുടെ അപ്പീല്‍ സെപ്റ്റംബര്‍ 12-ന് പരിഗണിക്കാന്‍ ജസ്റ്റിസുമാരായ കെ.എം.ജോസഫ്, ഹൃഷികേശ് റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും ഷഫാസിനെ ഇരട്ടജീവപര്യന്തം തടവുമാണ് എന്‍ഐഎ കോടതി ശിക്ഷ വിധിച്ചിരുന്നത്. എന്നാല്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇരുവരെയും വെറുതെ വിട്ടത്. സ്ഫോടനം നടത്തുന്നതിന് മുന്നോടിയായി നടത്തിയ ഗൂഡലോചനയില്‍ ഇരുവരുടെയും പങ്ക് വ്യക്തമാണെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാം മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് 2005-ല്‍ ജാമ്യം നിഷേധിച്ച കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതികള്‍ സ്ഫോടനം ആസൂത്രണം ചെയ്തത് എന്നായിരുന്നു എന്‍ഐഎയുടെ കണ്ടെത്തല്‍. 2006 മാര്‍ച്ച് 3-നാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും മൊഫ്യൂസിള്‍ ബസ് സ്റ്റാന്‍ഡിലും സ്ഫോടനമുണ്ടായത്. കേസ് ആദ്യം ലോക്കല്‍ പൊലീസും പിന്നീട് 2009-ല്‍ എന്‍ഐഎയും ഏറ്റെടുക്കുകയായിരുന്നു.
കേസിലെ മൂന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒന്‍പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതിയുടെ ഉത്തരവും നേരത്തെ ഹൈക്കോടതി ശരിവച്ചിരുന്നു. ആകെ 9 പ്രതികളുള്ള കേസില്‍ ഒളിവിലുള്ള രണ്ട് പേരുടെ അടക്കം മൂന്നു പ്രതികളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല.