മസാജിന് ക്ഷണിച്ച് കൊള്ള:ഏഷ്യൻ സംഘം പിടിയിൽ
ഷാർജ : സ്പാ, മസാജ് സേവനങ്ങൾ നൽകാമെന്ന് പറഞ്ഞ് ആളുകളെ ക്ഷണിച്ച് പണം കൊള്ളയടിക്കുന്ന സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുപേരടങ്ങുന്ന ഏഷ്യൻ സംഘമാണ് ഷാർജ റോളയിൽ പിടിയിലായത്.
നഗരത്തിൽ ബിസിനസ് കാർഡുകൾ വിതരണംചെയ്ത് ആളുകളെ ആകർഷിച്ച് കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും വിലപ്പെട്ട സാധനങ്ങളും കൊള്ളയടിക്കുകയാണ് സംഘത്തിന്റെ രീതി. വ്യാജ മസാജ് പാർലറിന്റെ പേരിലാണ് സംഘം ബിസിനസ് കാർഡ് വിതരണംചെയ്ത് ആളുകളെ എത്തിക്കുന്നത്.
റോളയിൽ ഇത്തരത്തിൽ കാർഡ് വിതരണം ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയതെന്ന് ഷാർജ പോലീസ് കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ കേണൽ ഒമർ അബു സഊദ് പറഞ്ഞു.
സംഘം പ്രവർത്തിക്കുന്ന മുറി കണ്ടെത്തുകയും പെട്ടിനിറയെ വ്യാജ മസാജ്, സ്പാ സെന്ററിന്റെ പേരിലുള്ള ബിസിനസ് കാർഡുകൾ കണ്ടെടുക്കുയും ചെയ്തു. കൂടാതെ വ്യത്യസ്ത ആകൃതികളിലുള്ള ഒട്ടേറെ കത്തികളും പ്രതികളിൽനിന്ന് കണ്ടെടുത്തിരുന്നു. അറസ്റ്റിലായവർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.