കുറ്റിക്കോലിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുന്നുന്നത് 4180 ദേശീയ പതാകകള്‍
കാസർകോട് :സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഹര് ഘര്‍ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായി കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കുടുംബശ്രീ അംഗങ്ങള്‍ നിര്‍മ്മിക്കുന്നത് 4180 പതാകകള്‍. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ശങ്കരംപാടിയിലെ ഫ്രണ്ട്സ് കോട്ടണ്‍ ബാഗ് നിര്‍മ്മാണ യൂണിറ്റിന്റെ കീഴിളുള്ള അഞ്ചു പേരാണ് പതാകകള്‍ തുന്നുന്നത്. എഡിഎസ് അംഗം പ്രീതി പ്രകാശാണ് നേതൃത്വം നല്‍കുന്നത്. പഞ്ചായത്ത് പരിധിയിലെ 11 സ്കൂളുകളിലേക്ക് 2480ഉം അയല്‍ക്കൂട്ടങ്ങള്‍ക്കായി 1700 പതാകകളുടെയും ഓര്‍ഡറാണ് ലഭിച്ചിട്ടുള്ളത്. 150 പതാകകള്‍ ഇതിനകം നിര്‍മ്മിച്ചു കഴിഞ്ഞു. 30 രൂപയാണ് ഒരു പതാകയുടെ വില.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഓരോ വീടുകളിലും ദേശീയ പതാക ഉയര്‍ത്തി ദേശീയ പതാകക്ക് കൂടുതല്‍ ആദരവ് നല്‍കുന്നതിനും പൗരന്മാര്ക്ക് ദേശീയ പതാകയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനുമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ‘ഹര് ഘര്‍ തിരംഗ’ പരിപാടി ജില്ല ഭരണകൂടം വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്.