കോഴിവില കുറഞ്ഞു; 85 മുതൽ 90 രൂപ വരെ, ട്രോളിംഗ് നിരോധനം നീങ്ങിയതും മീന്‍വരവ് കൂടിയതും വിപണിക്ക് തിരിച്ചടിയായി
കാസര്‍കോട്: കോഴിവില പകുതിയായി കുറഞ്ഞു. കാസര്‍കോട്ട് വിവിധ സ്ഥലങ്ങളിലായി 85 മുതൽ 90 രൂപ വരെയാണ് ശനിയാഴ്ചത്തെ വില. ഒരു മാസം മുമ്പ് വരെ 160 രൂപ വരെ വിലയുണ്ടായിരുന്ന കോഴിക്കാണ് ഒറ്റയടിക്ക് വിലകുറഞ്ഞിരിക്കുന്നത്. പള്ളിക്കര പൂച്ചക്കാട്ട് ഒരു കടയില്‍ വെള്ളിയാഴ്ച 69 രൂപയായിരുന്നു വില. ട്രോളിംഗ് നിരോധനം നീങ്ങിയതും മീന്‍വരവ് കൂടിയതുമാണ് കോഴി വിപണിക്ക് തിരിച്ചടിയായി മാറിയത്. വില ഇനിയും കുറയാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്നാട്-കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കോഴികള്‍ എത്തുന്നതും വില ഇടിയാന്‍ കാരണമായി. കേരളത്തില്‍ നിന്ന് കോഴി ഉല്പാദനം കൂടിയതും വില കുറയാനുള്ള മറ്റൊരു കാരണമായി. വില കുറഞ്ഞതോടെ ചികന്‍ വാങ്ങാന്‍ കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നുണ്ട്.
പള്ളിക്കരയില്‍ വെള്ളിയാഴ്ച മീന്‍ ചാകര ഉണ്ടായതോടെയാണ് പൂച്ചക്കാട്ട് കോഴിവില 69 രൂപയിലേക്ക് കുറയ്ക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായത്. കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ 75 രൂപയാണ് ശനിയാഴ്ചത്തെ കോഴിവില. വില ഗണ്യമായി കുറയുന്നത് കേരളത്തിലെ കോഴി കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.
ഒരു വര്‍ഷം മുമ്പ് വില കുത്തനെ കൂടിയപ്പോള്‍ ജിഎസ്ടി വന്നാല്‍ വില നിയന്ത്രണം വരുമെന്നും 87 രൂപയില്‍ കൂടില്ലെന്നുമാണ് അന്നത്തെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നത്. എന്നാല്‍ കോഴിവില നിയന്ത്രണത്തില്‍ സംസ്ഥാന സര്‍കാരിന്റെ ഇടപെടല്‍ ഫലം കാണുന്നില്ലെന്നാണ് പൊതുജനങ്ങള്‍ പറയുന്നത്. കോഴി വില ഇനിയും താഴ്ന്നാല്‍ തങ്ങള്‍ക്ക് പിടിച്ചു നില്ക്കാന് കഴിയില്ലെന്നാണ് കോഴികര്‍ഷകര്‍ പറയുന്നത്. കോഴിത്തീറ്റയ്ക്കും കോഴിവളര്‍ത്തലിനുള്ള അനുബന്ധ ചിലവും നോക്കിയാല്‍ കോഴിവളര്‍ത്തല്‍ നഷ്ടത്തിലാവുമെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്.