മണ്ണെണ്ണയൊഴിച്ചിട്ടും ചിതൽ ശല്യം മാറിയില്ല, വീടിനുള്ളിൽ തീവച്ച് ദമ്പതികൾ; മകൾ പൊള്ളലേറ്റ് മരിച്ചു
ചെന്നൈ: ചിതൽ ശല്യം മാറ്റാൻ ദമ്പതികൾ വീടിന് തീയിട്ടതിനെത്തുടർന്ന് മകൾ പൊള്ളലേറ്റ് മരിച്ചു. ചെന്നൈയിലെ പല്ലാവാരത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. ഖായിദേ മില്ലത്ത് നഗറിൽ ഹുസൈൻ ബാഷയുടെ മകൾ ഫാത്തിമയാണ് (13) മരിച്ചത്.വീട്ടിൽ ചിതൽ ശല്യം രൂക്ഷമായതോടെ ഹുസൈൻ ബാഷയും ഭാര്യയും മണ്ണെണ്ണയൊഴിച്ച് ചിതലിനെ തുരത്താൻ നോക്കി. ദിവസങ്ങൾ പിന്നിട്ടതോടെ വീണ്ടും ചിതൽ ശല്യം തുടങ്ങി. ഇതോടെയാണ് ദമ്പതികൾ തീകൊളുത്തിയത്.വീട്ടിലെ സാധനങ്ങളിലേക്ക് തീ ആളിപ്പടർന്നു. വാതിൽ അടച്ചിരുന്നതിനാൽ ഇവർക്ക് ഓടി രക്ഷപ്പെടാനുമായില്ല. കുടുംബം ഉറക്കെ നിലവിളിച്ച് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി വാതിൽപൊളിച്ചാണ് ദമ്പതികളെയും മകളെയും പുറത്തെടുത്തത്. എന്നാൽ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.