ദേശീയപാത കരാറുകാരെ കേന്ദ്രസര്‍ക്കാരിന് ഭയമാണോ? രൂക്ഷ വിമർശനവുമായി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇത്തരത്തിലുള്ള കരാറുകാര്‍ക്കെതിരേ പൊതുമരാമത്ത് വകുപ്പ് ശക്തമായ നടപടിയെടുത്തിട്ടുണ്ട്. അതുപോലെ കേന്ദ്രവും ചെയ്യണം. എന്തിനാണ് കേന്ദ്രം കരാറുകാരെ ഭയക്കുന്നതെന്നും മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് ചോദിച്ചു.
ദേശീയപാതയിലെ പ്രശ്നത്തിന് പൊതുമരാമത്ത് വകുപ്പിന് ഇടപെടാനാവില്ല. അങ്ങനെ ചെയ്താല്‍ അത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാവും. ഇത്തരം കരാറുകാരെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തണം. നമ്പറും പേരും സഹിതം പുറത്തുവിടാന്‍ തയ്യാറാവണം. ഇത്തരക്കാരെ എന്തിനാണ് കേന്ദ്രം മറച്ച് വെക്കന്നതെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.
അങ്കമാലിയിൽ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചതില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ ദേശീയപാത അതോറിറ്റിയും കരാറുകാരനും പ്രതിയാവും.
അങ്കമാലി – ഇടപ്പള്ളി റോഡിലെ നെടുമ്പാശ്ശേരി സ്കൂളിന് സമീപം രാത്രി 11 മണിയോടെയായിരുന്നു അപകടം. പറവൂര്‍ സ്വദേശി ഹാഷിം ആണ് മരിച്ചത്. സ്കൂട്ടര്‍ കുഴിയില്‍ വീണതിനെ തുടര്‍ന്ന് റോഡിന് എതിര്‍വശത്തേക്ക് തെറിച്ച് വീണ ഹാഷിമിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. രാത്രി തന്നെ നാഷണല്‍ ഹൈവേ അധികൃതര്‍ റോഡിലെ കുഴിയടച്ചു. ഹോട്ടല്‍ തൊഴിലാളിയാണ് മരിച്ച ഹാഷിം.
റോഡില്‍ മാസങ്ങളായി കുഴി മൂടാത്ത അവസ്ഥയിലാണുള്ളത്. നിരവധിയാളുകളാണ് ഈ പ്രദേശത്ത് കൂടി ഇരുചക്രവാഹനത്തില്‍ യാത്രചെയ്യവേ അപകടത്തില്‍പ്പെട്ടത്. കൃത്യമായി കുഴികളടയ്ക്കാത്തതാണ് അപകടങ്ങള്‍ പതിവാകുന്നതിന് കാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു.