ഡീസൽ ക്ഷാമം; ഇന്ന് കെ എസ് ആർ ടി സി ഓർഡിനറി ബസുകൾ നിരത്തിലിറങ്ങില്ല
തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ ഡീസൽ പ്രതിസന്ധിയെത്തുടർന്ന് ഇന്ന് ഭൂരിഭാഗം കെ എസ് ആർ ടി സി ഓർഡിനറി ബസുകളും നിരത്തിലിറങ്ങില്ല. ഇന്നലെ അൻപത് ശതമാനം ഓർഡിനറി ബസുകൾ സർവീസ് നിർത്തിവച്ചിരുന്നു. നാളെ ഓർഡിനറി ബസുകൾ പൂർണമായും ഉണ്ടായേക്കില്ലെന്നാണ് വിവരം. എന്നാൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾ സർവീസ് നടത്തും.ജീവനക്കാർക്ക് ശമ്പളം നൽകിയതിനാൽ ഡീസൽ അടിക്കുന്നതിന് പണമില്ലെന്നാണ് കെ എസ് ആർ ടി സി അധികൃതരുടെ വിശദീകരണം. അതേസമയം, കെ എസ് ആർ ടി സിയിലേത് കൃത്രിമ ഡീസൽ ക്ഷാമമെന്ന് കെ എസ് ആർ ടി ഇ എ പറഞ്ഞു. ജീവനക്കാരെ മുൻനിർത്തി വിലപേശാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ജനങ്ങളെ ഇളക്കി സർക്കാരിനോട് വിലപേശാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്നും കെ എസ് ആർ ടി ഇ എ വിമർശിച്ചു.