ദേശീയപാതയിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം, പ്രതിഷേധവുമായി നാട്ടുകാർ
കൊച്ചി: അങ്കമാലിക്കടുത്ത് അത്താണിയിൽ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികനായ ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ.എ ഹാഷിമാണ് (52) മരിച്ചത്.അങ്കമാലി ടെൽക്ക് കവലയിലെ ‘ഹോട്ടൽ ബദ്രിയ്യ’യുടെ ഉടമയാണ്. സ്കൂട്ടര്‍ കുഴിയില്‍ വീണതിന് പിന്നാലെ റോഡിന് എതിര്‍വശത്തേക്ക് തെറിച്ച് വീണ ഹാഷിമിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.അങ്കമാലി – ഇടപ്പള്ളി റോഡിലെ നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്കൂളിന് സമീപം രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കേസെടുത്ത് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.കനത്ത മഴയിൽ വെള്ളം കെട്ടികിടന്നതിനാൽ കുഴി കാണാനാകാത്ത അവസ്ഥയിലായിരുന്നു. ഹാഷിം സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. അപകടം നടന്ന പ്രദേശത്ത് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഈ പ്രദേശത്ത് അപകടങ്ങൾ പതിവാണ്. നിരവധി യാത്രക്കാർക്ക് ഇവിടുത്തെ കുഴികളിൽ വീണ് പരിക്കേറ്റിട്ടുണ്ട്.