തിരുവനന്തപുരം: തീപിടുത്തത്തില്‍ വീടുകള്‍ പൂര്‍ണമായും നശിക്കുകയോ, കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ ധനസഹായം നല്കാന് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധനസഹായം ലഭ്യമാക്കുക. വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചാല്‍ നാല് ലക്ഷം രൂപയും, കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചാല്‍ ഒരു ലക്ഷം രൂപയും നല്‍കാനാണ് തീരുമാനം. തീപിടുത്തത്തില്‍ 75 ശതമാനത്തിലധികം നാശനഷ്ടം സംഭവിച്ചാല്‍ പൂര്‍ണമായി കത്തി നശിച്ചതായി കണക്കാക്കുന്നു.
മത്സ്യതൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കടല്‍ക്ഷോഭത്തില്‍ വള്ളമോ നഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയും, വലയും കട്ടമരവും നഷ്ടപ്പെടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. വള്ളവും, ബോട്ടും ഭാഗീകമായി നഷ്ടപ്പെടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തീരുമാനിച്ചു. നഷ്ടപരിഹാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് നല്‍കുക.