കാസർകോട് :നഗരത്തിലെ ഓവുചാലുകൾ നവീകരിക്കുന്ന പ്രവൃത്തി തുടരുമ്പോൾ തന്നെ ശീലങ്ങൾ മാറ്റില്ലെന്ന ചിലരുടെ പിടിവാശിക്ക് പണികൊടുത്ത് കാസർകോട് മുനിസിപ്പൽ സെക്രട്ടറി ബിജുവും ഉദ്യോഗസ്ഥരും.മഴവെള്ളം ഒഴുക്കിക്കളയാൻ സ്ഥാപിച്ച ഓവുചാലുകളിലേക്ക് കെട്ടിട ഉടമകളും ഹോട്ടലുകാരും കക്കൂസ് മാലിന്യമടക്കം ഒഴുക്കിവിടുന്നത് വര്ഷങ്ങളായി തുടരുന്നതിനിടയിലാണ് ഇന്ന് പുലർച്ചെ ഈ നിയമലംഘകരെ പിടികൂടിയത്. നേരത്തെ ഓവുചാലുകൾ ഉദ്യോഗസ്ഥരുടെ പണം കായ്ക്കുന്ന മരമായിരുന്നു.ചില്ലറതടയുമ്പോൾ എല്ലാം കാണാതിരുന്ന ഓഫീസിലെ ചിലർ തുടർന്ന പ്രവണതയാണ് പുതിയ സെക്രട്ടറി പൊളിച്ചുകളഞ്ഞത്.എം.ജി.റോഡിൽ പ്രവർത്തിക്കുന്ന സുൽത്താൻ ഗോൾഡ് കെട്ടിടത്തിലാണ് ഇന്ന് പുലർച്ചെ രണ്ടരക്ക് മിന്നൽ പരിശോധന നടന്നത്.കെട്ടിടത്തിന് പിന്നിലെ മാലിന്യ ടാങ്കിൽനിന്ന് 56 മീറ്റർ നീളമുള്ള പ്രത്യേക പൈപ്പിട്ടാണ് മുനിസിപ്പാലിറ്റിയുടെ ഓവുചാലിലേക്ക് കക്കൂസ് മാലിന്യം തള്ളിയത്.ഇതിനായി മൂന്ന് കുതിരശക്തിയുള്ള മോട്ടോറാണ് ഉപയോഗിച്ചത്.മാത്രമല്ല,
അനുമതിയില്ലാതെ കെട്ടിടത്തിൽ താമസസൗകര്യവും മെസ്സും ഏർപ്പെടുത്തിയിരുന്നത് പരിശോധനയിൽ തെളിഞ്ഞു.ഇതിന് നഗരസഭയുടെയോ ഫയർ ഫോഴ്സിന്റെയോ അനുമതിയും ഉണ്ടായിരുന്നില്ല.പിടികൂടിയ കുറ്റം ഗൗരവതരമായതുകൊണ്ട് കേസ് ബന്ധപ്പെട്ട കോടതിക്ക് കൈമാറുമെന്ന് ഹെൽത് സൂപ്രണ്ട് എ കെ . ദാമോദരൻ വ്യക്തമാക്കി.മുനിസിപ്പൽ ആക്ട് 334 ,340 എ ,337 ,440 ,447 ,448 പ്രകാരമാണ് സുൽത്താനെതിരെ ഇപ്പോൾ കേസെടുത്തത്.കാൽ ലക്ഷം രൂപ മുതൽ ഒരുലക്ഷം രൂപവരെ പിഴയും ആറുമാസം തടവുമാണ് കുറ്റം തെളിഞ്ഞാൽ ശിക്ഷ.ഇത്തരം നിയമലംഘനങ്ങൾക്ക് യാതൊരുവിധ ഇളവും അനുവദിക്കില്ലെന്നും പരിശോധന ഇനിയും തുടരുമെന്നും മുനിസിപ്പൽ സെക്രെട്ടറി മുന്നറിയിപ്പ് നൽകി.പരിശോധന സംഘത്തിൽ ഹെൽത് ഇൻസ്പെക്ടർ സിദ്ദിക്ക് ,ജൂനിയർ ഇൻസ്പെക്ടർ മധു,തുടങ്ങിയവരും ഉണ്ടായിരുന്നു.സുൽത്താനിലെ നിയമലംഘനം കണ്ടെത്തിയ ഉദ്യോഗസ്ഥസംഘത്തെ ചെയര്പേഴ്സൻ ബീ ഫാത്തിമ ഇബ്രാഹിം അഭിനന്ദിക്കുകയും മുഖം നോക്കാതെ നടപടി തുടരണമെന്ന് നിർദേശിക്കുകയും ചെയ്തു.