കാഞ്ഞങ്ങാട്: പടന്നക്കാട് തീര്‍ത്ഥങ്കരയില്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. കടിഞ്ഞിത്തൂര് മഹാവിഷ്ണു ക്ഷേത്രത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. 18 പവന് സ്വര്‍ണാഭരണങ്ങളും മുപ്പതിനായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ചുറ്റമ്പലത്തിന്റെ ഓടിളക്കിയാണ് അകത്തുകടന്നത്. ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടക്കുകയായിരുന്നു. ആറേ മുക്കാല്‍ പവന്റെ സ്വര്‍ണ്ണകിരീടം, മൂന്ന് മാലകള്‍, അരപ്പവന്‍ വീതമുള്ള അഞ്ച് ചുട്ടികള്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ച് 25,000 രൂപ ചെമ്പു ഭണ്ഡാരത്തില് സൃഷ്ടിച്ച 4000 രൂപയുടെ നാണയത്തുട്ടുകള്‍ എന്നിവ നഷ്ടപ്പെട്ടു. 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ക്ഷേത്ര പൂജാരി ഗോപിനാഥന് കാനത്തായര്‍ ഇന്നലെ രാവിലെ ക്ഷേത്രം തുറന്ന് അകത്ത് കടന്നപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെടുന്നത്.
അഞ്ചു മണിക്കാണ് പൂജാരി ക്ഷേത്രത്തിലെത്തിയത്. ആഭരണങ്ങള്‍ ശ്രീകോവിലിനകത്ത് പ്ലാസ്റ്റിക് പെട്ടിയില്‍ സൂക്ഷിച്ചതായിരുന്നു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ സുധാകരന്, സി.ഐ വിനോദ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിവരമറിഞ്ഞ് നാട്ടുകാരും ക്ഷേത്ര പരിസരത്ത് തടിച്ചുകൂടി. ടെമ്പിള്‍ തെഫ്റ്റ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അന്യസംസ്ഥാനക്കാരായ രണ്ടു ചെറുപ്പക്കാര്‍ വന്നിരുന്നുവത്രെ.പാന്റ്സ് ധരിച്ച് അകത്ത് പ്രവേശനമില്ലെന്ന്റിഞ്ഞ് കാവിമുണ്ട് ധരിച്ച് വീണ്ടും ക്ഷേത്രത്തിനകത്ത് പ്രവേശിച്ചതായി ക്ഷേത്ര അധികാരികള്‍ പോലീസില്‍ അറിയിച്ചിട്ടുണ്ട്. അന്വേഷണം ഈ വഴിക്കും നടക്കുന്നതായി പോലീസ് പറഞ്ഞു..