കാത്തിരിപ്പിന് വിരാമം, മടിക്കൈ കുടുംബാരോഗ്യ കേന്ദ്രത്തിന്
പുതിയ കെട്ടിടമൊരുങ്ങുന്നു
മടിക്കൈ : മടിക്കൈ നിവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. മടിക്കൈയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പൂത്തക്കാലിലുള്ള നിലവിലെ ആശുപത്രി കെട്ടിടത്തിന് പിറകിലായാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
3.3 കോടി രൂപയ്ക്ക് മൂന്ന് നിലകളിലായാണ് കെട്ടിടം പണിയുക. ആശുപത്രിയിലെ ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായാണ്
ഫാര്‍മസി, ലാബ്, മൂന്ന് ഒപി, ദന്തല്‍ ഒപി, കോണ്‍ഫറന്‍സ് ഹാള്‍, നഴ്സിങ് റൂം, വിശ്രമ മുറി തുടങ്ങിയ സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം. ഒരു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിക്കും. കെട്ടിടത്തിന് പിന്നില്‍ ആറ് മീറ്റര്‍ ഉയരത്തില്‍ സംരക്ഷണ ഭിത്തിയും നിര്‍മ്മിക്കും. ഇവിടെ നിന്നും നീക്കം ചെയ്യുന്ന മണ്ണ് കാഞ്ഞിരപ്പൊയിലില്‍ വിഭാവനം ചെയ്ത തീറ്റപ്പുല്‍ കൃഷി പദ്ധതിയുടെ ഫാമിലേക്ക് കൊണ്ടുപോകും. ഇതിനുള്ള ഉത്തരവിനായി കാര്ത്തിരിക്കുകയാണ് അധികൃതര്‍.
നേരത്തെ ആരോഗ്യകേന്ദ്രത്തിനായി ഉപയോഗിച്ച കൂളിക്കുണ്ടിലെ കെട്ടിടത്തെ ഡോക്ടര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് ആയി മാറ്റാനും ആലോചനയുണ്ട്. ഇതിനുള്ള നിര്‍ദേശം കാസര്‍കോട് വികസന പാക്കേജിന് സമര്‍പ്പിച്ചിട്ടുണ്ട്.