കാസര്‍കോട്: 16 കാരിയെ തട്ടിക്കൊണ്ടു പോയി കാസര്‍കോട് ഉള്‍പ്പെടെ കേരളത്തിലെ മൂന്ന് ജില്ലകളില്‍ താമസിപ്പിച്ച്പെ ണ്വാണിഭത്തിനിരയാക്കിയ കേസുമായി ബന്ധപ്പെട്ട് അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തില്‍പ്പെട്ട യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക ചിക്കമംഗളൂരു സ്വദേശിനി ഫര്‍സാനയെയാണ് (25) യാണ് കോഴിക്കോട് ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആര് ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ചിക്കമംഗളൂരു സ്വദേശിനിയായ പെണ്‍കുട്ടിയെ ഫര്‍സാന കാസര്‍കോട,് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലേക്ക് കൊണ്ടു പോയി വാടക ക്വാര്‍ട്ടേഴ്സുകളിലും റിസോര്‍ട്ടുകളിലും മറ്റും താമസിപ്പിക്കുകയും പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയും ചെയ്തുവെന്നാണ് കേസ്. രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് കക്കാടം പൊയിയിലെ റിസോര്‍ട്ടില്‍ പൊലീസ് റെയ്ഡ് നടത്തുകയും പെണ്‍വാണിഭസംഘത്തില്‍പ്പെട്ട മൂന്ന് പേര് പിടിയിലാവുകയും ചെയ്തിരുന്നു. റിസോര്‍ട്ട് ഉടമ മുഹമ്മദ് ബഷീര്‍, മലപ്പുറം സ്വദേശി മന്‍സൂര്‍, കൊണ്ടോട്ടിയിലെ നിസാര്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് ഫര്‍സാനയാണ് പെണ്‍കുട്ടിയെ റിസോര്‍ട്ടില്‍ എത്തിച്ചതെന്ന വിവരം ലഭിച്ചത്. ഇതെ തുടര്‍ന്ന് ഫര്‍സാനക്കും കൂട്ടാളികളായ മറ്റ് മൂന്ന് പേര്‍ക്കുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായിരുന്ന ചിക്കമംഗളൂരു പെണ്‍കുട്ടിയെ സംഘം ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. അന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട ഫര്‍സാനയെ കഴിഞ്ഞ ദിവസം ചിക്കമംഗളൂരുവില്‍ നിന്ന് പിടികൂടുകയായിരുന്നു. ഈ കേസില്‍ കോഴിക്കോട്ട് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം കാസര്‍കോട് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെത്തി തെളിവെടുപ്പും നടത്തുകയുണ്ടായി.