പള്ളിയില്‍വെച്ച് നടത്തിയ നികാഹില്‍ വരനൊപ്പം വധുവിനേയും പങ്കെടുപ്പിച്ചു; അനുമതി ലഭിച്ചിരുന്നില്ല, കയറ്റിയത് തെറ്റായിപ്പോയി’; മാപ്പ്പറഞ്ഞ് ജമാ അത്തെ ഇസ്ലാമി മഹല്ല് കമ്മിറ്റി
കുറ്റ്യാടി: പള്ളിയില്‍ വെച്ച് നടത്തിയ നികാഹില്‍ വരനൊപ്പം വധുവിനേയും പങ്കെടുപ്പിച്ച മഹല്ല് കമ്മിറ്റി നടപടിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കുറ്റ്യാടി പാലേരി പാറക്കടവ് ജുമാ മസ്ജിദില്‍ നടന്ന വിവാഹ കര്‍മ്മമായിരുന്നു കാലങ്ങളായി പിന്തുടരുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി വധുവിനെ സാക്ഷി നിര്‍ത്തി ചടങ്ങ് നടത്തിയത്. എന്നാല്‍ നടപടി തെറ്റായിപോയെന്ന് സമ്മതിക്കുന്ന കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് മഹല്ല് കമ്മിറ്റി. പള്ളിയിലെ നികാഹ് വേദിയില്‍ വധുവിനെ പ്രവേശിപ്പിച്ചത് മഹല്ല് കമ്മിറ്റി അംഗീകരിക്കുന്നില്ലെന്നും മഹല്ല് ജനറല്‍ സെക്രട്ടറി സ്വന്തം നിലയ്ക്ക് അനുവാദം നല്‍കിയത് വലിയ വീഴ്ച്ചയാണെന്നുമാണ് കുറിപ്പില്‍ പറയുന്നത്. നികാഹിന് തൊട്ടുമുമ്പാണ് കുടുംബം ഇത്തരത്തില്‍ സമ്മതം തേടിയതെന്നും കുറിപ്പിലുണ്ട്.
മസ്ജിദിലേക്കുള്ള പ്രവേശനാനുമതി ഏതെങ്കിലും കമ്മിറ്റിയില്‍ നിന്നോ കമ്മിറ്റി അംഗങ്ങളില്‍ നിന്നോ, പണ്ഡിതനില്‍ നിന്നോ ജനറല്‍ സെക്രട്ടറിക്ക് ലഭിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ വീഴ്ച്ച പറ്റിയെന്ന് ജനറല്‍ സെക്രട്ടറി സമ്മതിച്ചുവെന്നും അത് മഹല്ല് കമ്മിറ്റി മുഖവിലക്കെടുന്നുവെന്നും കുറിപ്പിലൂടെ അറിയിച്ചു. നികാഹിന് ശേഷം കുടുംബം പള്ളിക്കുള്ളില്‍ നിന്ന് ചിത്രമെടുത്തതും മഹല്ല് കമ്മിറ്റിയെ ചൊടിപ്പിച്ചു. അനധികൃതമായി ചിത്രം എടുത്തതിന്റെ ഉത്തരവാദിത്തം കുടുംബത്തിനാണെന്ന് കുറിപ്പിലൂടെ വിമര്‍ശിക്കുന്നു. വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകന് ഫഹദ് ഖാസിമയുടേയും ബഹ്ജ ദലീലയുടേയും നികാഹാണ് പള്ളിക്കകത്ത് നടന്നത്. ബന്ധുക്കള്‍ക്കൊപ്പം ചടങ്ങിനെത്തിയ ബഹ്ജയ്ക്ക് പള്ളിക്കുള്ളില്‍ തന്നെ ഇരിപ്പിടം നല്‍കുകയായിരുന്നു.
പണ്ഡിതരോട് ചോദിച്ച് അനുമതി നേടിയ ശേഷമാണ് വധുവിന് പ്രവേശനം നല്കിയതായിരുന്നു ജനറല്‍ സെക്രട്ടറി ഇ ജെ മുഹമ്മദ് നിയാസ് അറിയിച്ചത്. ഖതീബ് ഫൈസല്‍ പൈങ്ങോട്ടായിയായുടെ നേതൃത്വത്തിലായിരുന്നു നികാഹ്. സാധാരണ നിക്കാഹ് ചടങ്ങുകള്‍ കാണാന്‍ വധുവിന് അവസരം ലഭിക്കാറില്ല. പൊതുവെ നികാഹിന് ശേഷം വരന് വധുവിന്റെ വീട്ടിയെത്തിയാണ് മഹര്‍ അണിയിക്കാറ്.