അഞ്ച് കിലോ പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ, കോട്പ ആക്ട് പ്രകാരം കേസ്
കോഴിക്കോട്: താമരശ്ശേരിയിൽ പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. എക്സൈസ് താമരശ്ശേരി കുടുക്കിലുമാരം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് താമരശ്ശേരി കുടുക്കിലുമാരം കയ്യേലികുന്നുമേൽ നാസർ എന്നയാളുടെ പക്കൽ നിന്ന് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. അഞ്ച് കിലോ പുകയില ഉത്പന്നങ്ങളാണ് ഇയാളിൽ നിന്ന് പിടികൂടിയത്.
നാസറിനെതിരെ കോട്പ ആക്ട് പ്രകാരം കേസ് എടുത്ത എക്സൈസ് പിഴയീടാക്കി. താമരശ്ശേരി എക്സ്സൈസ് റേഞ്ച്, എക്സ്സൈസ് ഇൻസ്പെക്ടർ എൻ കെ. ഷാജിയുടെ നേതൃത്വത്തിലാണ് കൈവശം വച്ച പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. പ്രിവേന്റീവ് ഓഫീസർ വസന്തൻ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നൗഷീർ, റബിൻ, സുമേഷ്, വനിതാ ഓഫീസർ അഭിഷ, ഡ്രൈവർ കൃഷ്ണൻ എന്നിവരും സംഘത്തിൽ ഉണ്ടായിരിന്നു.
അതേസമയം തൃശ്ശൂർ കയ്പമംഗലത്ത് 25 ലക്ഷം രൂപയുടെ ഹാൻസ് ശേഖരമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. തീരദേശത്തെ ഹാൻസ് രാജാവ് എന്നറിയപ്പെടുന്ന വലപ്പാട് കോതകുളം സ്വദേശി ജലീൽ, സഹായി തമിഴ്നാട് സ്വദേശി ശെൽവമണി എന്നിവരെയാണ് കൊടുങ്ങലൂർ പൊലീസ് പിടികൂടിയത്.
ജലീലിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് 20 ചാക്കുകളിലായി സൂക്ഷിച്ച അമ്പതിനായിരത്തോളം പാക്കറ്റ് ഹാൻസ് കണ്ടെത്തിയത്. അഞ്ച് മാസം മുൻപാണ് ജലീൽ ഈ വീട് വിലയ്ക്ക് വാങ്ങിയത്. തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നായി മൊത്തമായി കൊണ്ടുവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഈ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. കൊടുങ്ങല്ലൂർ, മതിലകം, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി സമാനരീതിയിലുള്ള പത്തിലധികം കേസുകൾ ജലീലിന്റെ പേരിൽ നിലവിലുണ്ട്.
സംസ്ഥാനത്ത് ദിനംപ്രതി നിരവധി പേരാണ് മയക്കുമരുന്നുമായി പിടികൂടുന്നത്. കഴിഞ്ഞ ദിവസം വയനാട്ടിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി പിടിയിലായിരുന്നു. സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സംഘവും ബീനാച്ചി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട്-മൈസൂർ കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരിയായ യുവതിയിൽ നിന്നും 5.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. സംഭവത്തിൽ പി. റഹീനയെ (27) അറസ്റ്റ് ചെയ്തു.