മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; ഉയർത്തിയത് മൂന്ന് ഷട്ടറുകൾ, പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം
ഇടുക്കി: ജലനിരപ്പ് 137.45 അടിയെത്തിയതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. സെക്കൻഡിൽ 534 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. രണ്ട് മണിക്കൂറിന് ശേഷം 1000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും.വള്ളക്കടവ്, ചപ്പാത്ത്, ഉപ്പുതുറ, വണ്ടിപ്പെരിയാർ എന്നിവടങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അരമണിക്കൂറിന് ശേഷം വള്ളക്കടവിലാണ് വെള്ളം ആദ്യമെത്തുക. എൻ ഡി ആർ എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും എം എൽ എയും അടക്കമുള്ളവർ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.ജലനിരപ്പ് 136 അടി പിന്നിട്ടതോടെ നേരത്തെ ഷട്ടർ തുറക്കുന്നതിനുള്ള ആദ്യഘട്ട മുന്നറിയിപ്പ് നൽകിയിരുന്നു. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകി. എന്നാൽ ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2380.32 അടിയായി. 2381.53 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. അണക്കെട്ടിൽ കഴിഞ്ഞ വർഷത്തേക്കാൾ 10 അടി വെള്ളം കൂടുതലാണ്.