ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
കൊല്ലം: കൊട്ടാരക്കരയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പുത്തൂര്‍ പവിത്രേശ്വരത്താണ് സംഭവം. വഞ്ചിമുക്ക് രഘു മന്ദിരത്തില്‍ ഷീന(34)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കുട്ടികളെ സ്കൂളില്‍ വിട്ട ശേഷം മുകള്‍ നിലയിലേക്ക് പോയ ഷീനയെ ഏറെ നേരം കഴിഞ്ഞും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കുടുംബവീട്ടില്‍ രാജേഷിന്റ മാതാപിതാക്കള്‍ക്കും സഹോദരിക്കും, സഹോദരിയുടെ ഭര്‍ത്താവിനും ഒപ്പമാണ് ഷീന താമസിച്ചിരുന്നത്. ഷീനയുടെ ഭര്‍ത്താവ് രാജേഷ് വിദേശത്താണ്. രാജേഷിന്റെ സഹോദരി ഷീനയെ മര്‍ദിക്കുമായിരുന്നുവെന്നും ഭര്‍ത്താവിന്റെ മുന്നില്‍വച്ചു പോലും ഭര്‍തൃസഹോദരി ഷീനയെ മര്‍ദിച്ചിരുന്നുവെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുത്തൂര്‍ പൊലീസ് അസ്വാഭാവിക കേസെടുത്ത് അന്വേഷണം തുടങ്ങി.