പാറ്റ്ന: ദിവസങ്ങളോളം പല്ലു തേയ്ക്കാതെയും കുളിക്കാതെയും ഇരിക്കുന്ന ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് ഭാര്യ വനിതാ കമ്മിഷനെ സമീപിച്ചു. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. ഉപദേശിച്ചും ശാസിച്ചും നോക്കിയിട്ടും ഒരു കാര്യവും ഇല്ലന്ന് കണ്ടതോടെയാണ് പരാതി നല്‍കിയതെന്ന് ഭാര്യ പറയുന്നു.
പ്ളംബിംഗ് പണിക്കാരനായ ഇരുപത്തിമൂന്നുകാരനാണ് ഭര്‍ത്താവ്. പല ദിവസങ്ങളിലും ജോലി കഴിഞ്ഞു വന്നാല്‍ ആഹാരവും കഴിഞ്ഞ് അതേപടി കിടന്നുറങ്ങും. പത്തുദിവസം വരെ ഇങ്ങനെ കുളിക്കാതിരിക്കും എന്നാണ് പരാതിയില്‍ പറയുന്നത്. പല്ലുതേപ്പും ഇതുപോലെ തന്നെയാണെന്നും നിര്ബന്ധിക്കുമ്ബോഴാണ് പല്ല് തേച്ചെന്നു വരുത്തുന്നതെന്നും അതും വിശേഷദിവസങ്ങളില്‍ മാത്രമാണെന്നും യുവതി പറയുന്നു.
വൃത്തിയില്ലായ്മ കാരണം ഭര്‍ത്താവിനൊപ്പം കിടക്കുന്നത് ആലോചിക്കാന്‍ കൂടി വയ്യെന്നു പറയുന്ന യുവതി, ഇതു കാരണം ശാരീരിക ബന്ധം പോലും ഉണ്ടാവില്ലെന്ന് വെളിപ്പെടുത്തുന്നു. ചിലപ്പോള്‍ യുവതി തന്നെ അതിന് മുന്‍കൈയെടുക്കുമെങ്കിലും ശരീരത്തിലെ ദുര്‍ഗന്ധം കാരണം മനസു മടുത്ത് പിന്മാറുകയാണ് ചെയ്യുന്നത്.ഇത്തരത്തിലുള്ള ഒരാളോടൊപ്പം കഴിയാന്‍ തനിക്കു വയ്യെന്നും എത്രയും പെട്ടെന്ന് വിവാഹമോചനം വേണമെന്നുമാണ് യുവതിയുടെ ആവശ്യം. പരാതി സ്വീകരിച്ച വനിതാ കമ്മിഷന് രണ്ടുമാസത്തിനുള്ളില്‍ എല്ലാം ശരിയാക്കണമെന്നും അല്ലെങ്കില്‍ വിവാഹമോചനത്തിനൊരുങ്ങിക്കൊള്ളാനും അറിയിച്ചിട്ടുണ്ട്