തയ്വാനെ വളഞ്ഞ് സമുദ്രത്തിലേക്ക് മിസൈല്‍ വര്‍ഷവുമായി ചൈന, വ്യോമാതിര്‍ത്തി ലംഘിച്ച് യുദ്ധവിമാനങ്ങള്‍
ബീജിങ്: തയ്വാനെ ചുറ്റി ചൈനയുടെ സൈനികാഭ്യാസ പ്രകടനത്തിന് തുടക്കം. അന്താരാഷ്ട്ര സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ചൈന ആദ്യ മിസൈല്‍ തൊടുത്തുകൊണ്ട് പ്രകടനം ആരംഭിച്ചത്. മിസൈല്‍ പ്രയോഗിച്ചതായി ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തയ്വാന് പ്രതിരോധമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
തയ്വാന് ചുറ്റും സമുദ്രത്തിലേക്ക് നിരവധി മിസൈലുകള്‍ ചൈന തൊടുത്തതായാണ് സ്റ്റേറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തയ്വാന്റെ വടക്ക് കിഴക്കന്‍, തെക്ക് പടിഞ്ഞാറന്‍ തീരത്തിന് സമീപത്തുള്ള സമുദ്രഭാഗത്തും ആകാശത്തും നിരവധി മിസൈല്‍ തൊടുത്തതായി ചൈനയുടെ ഈസ്റ്റേണ്‍ തീയേറ്റര്‍ കമാന്‍ഡ് വ്യക്തമാക്കി.
അതേസമയം ചൈന നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗമാണെന്നാണ് തയ്വാന് പ്രതിരോധമന്ത്രി പ്രതികരിച്ചത്. തയ്വാന് ചുറ്റും നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ ചൈന പ്രയോഗിച്ചു. പ്രദേശത്തിന്റെ സമാധാനം തകര്‍ക്കുന്ന യുക്തിരഹിതമായ നടപടിയാണ് ചൈനയുടേതെന്നും പ്രതിരോധമന്ത്രി പ്രതികരിച്ചു.
ഇതിന് മുന്‍പ് ഏറ്റവും ഒടുവില്‍ 1996ലാണ് ചൈന തയ്വാന് ഭീഷണി ഉയര്‍ത്തി സൈനികാഭ്യാസം നടത്തിയത്. ഇക്കുറി യുഎസ് ജനപ്രതിനിധി നാന്‍സി പെലോസിയുടെ തയ്വാന് സന്ദര്‍ശനമാണ് ചൈനയെ പ്രകോപിപ്പിച്ചത്. .
തയ്വാനെ ചുറ്റി ആറ് മേഖലകളിലായി നിശ്ചയിച്ചിരിക്കുന്ന അഭ്യാസം വ്യാഴാഴ്ച മുതല്‍ ഞായറാഴ്ചവരെ നീണ്ടുനില്‍ക്കും. ഇതുവരെ കാണാത്തവിധത്തിലുള്ള ശക്തിപ്രകടനത്തിനാണ് ചൈന ഒരുങ്ങുന്നത്. തയ്വാനുമേലുള്ള ആധിപത്യം ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ചൈനയുടെ ലക്ഷ്യം.
പെലോസി തയ്വാനില് വിമാനമിറങ്ങിയതിനു തൊട്ടുപിന്നാലെ ചൈന സൈനിക വിന്യാസം ആരംഭിച്ചിരുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 21 യുദ്ധവിമാനങ്ങള്‍ ചൊവ്വാഴ്ച തങ്ങളുടെ വ്യോമ പ്രതിരോധ മേഖലയില്‍ കടന്നെന്ന് തയ്വാന്റെ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു.
തയ്വാനെ ചുറ്റിയുള്ള സൈനികാഭ്യാസം ആവശ്യവും നീതിയുക്തവുമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്യിങും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിന് കാരണക്കാര്‍ യു.എസും തയ്വാനുമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.