പ്രണയത്തില്‍ നിന്ന് പിന്മാറി; പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കാമുകന് അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട് മയിലാടുതുറൈയില്‍ പ്രണയത്തില്‍നിന്ന് പിന്മാറിയ പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മുന്‍ കാമുകനും സംഘവും പൊലീസ് പിടിയില്‍. ചൊവ്വാഴ്ച രാത്രിയാണ് മാതാപിതാക്കളെ കത്തിമുനയില്‍ നിര്‍ത്തി പെണ്‍കുട്ടിയെ മുന്‍ കാമുകനായ തഞ്ചാവൂര്‍ ആടുതുറ സ്വദേശി വിഘ്നേശ്വരനും സംഘവും തട്ടിക്കൊണ്ടുപോയത്. വിവാഹം ചെയ്തു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ പല തവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നു. ഇത് തുടര്‍ന്നതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ ഇനി ശല്യം ചെയ്യില്ലെന്ന് എഴുതി നല്കി വിഘ്നേശ്വരന് മടങ്ങിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയാണ് സംഘം ചേര്‍ന്ന് വീട്ടിലെത്തിയ വിഘ്നേശ്വരന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം വിഴുപ്പുരത്ത് എത്തിയതായി പൊലീസ് കണ്ടെത്തിയത്. വിവരം അറിഞ്ഞ് മൂന്ന് വാഹനങ്ങളിലായി എത്തിയ പൊലീസ് സംഘം വിക്രപണ്ഡി ചെക്കുപോസ്റ്റിനു സമീപത്ത് വച്ച് പ്രതികളുടെ വാഹനം തടഞ്ഞ് പെണ്‍കുട്ടിയെ മോചിപിച്ചു. പൊലീസിനെ കണ്ട് ഓടാന്‍ ശ്രമിച്ചെങ്കിലും വിഘ്നേശ്വരനെയും സുഹൃത്തുക്കളായ സുഭാഷ്, സെല്‍വകുമാര്‍ എന്നിവരെയും പൊലീസ് പിടികൂടി. സംഭവത്തില്‍ പങ്കാളികളായ പതിനൊന്നു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.