കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ലഹരി വിൽപന; പ്രതി അറസ്റ്റിൽ
കോഴിക്കോട്: കടൽ കാണാനെത്തുന്ന യുവതീയുവാക്കളെ ലഹരിയുടെ കാണാക്കയങ്ങളിലേക്ക് തള്ളിയിടാൻ തക്കം പാർത്തിരിക്കുന്ന ലഹരി മാഫിയയിലെ പ്രധാന കണ്ണിയെ കോഴിക്കോട് ബീച്ച് റോഡിൽ വച്ച് നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള ഡൻസാഫും ടൗൺ പൊലീസും ചേർന്ന് പിടികൂടി. കോഴിക്കോട് കോളത്തറ കണ്ണാടിക്കുളം സ്വദേശി മജീദ് എന്ന ഇമ്പാല മജീദ് (55) ആണ് പിടിയിലായത്.
വിൽപ്പനയ്ക്കായി സൂക്ഷിച്ച 580 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്. ശ്രീനിവാസ് ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം ജില്ലയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി ടൗൺ പൊലീസ് സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ഡൻസാഫ് അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിശോധനയിൽ നേരത്തെ ഇയാളെ പിടികൂടിയിരുന്നു.
കോഴിക്കോട് തളി ഭാഗത്ത് നിന്ന് മുന്നൂറ് ഗ്രാം കഞ്ചാവുമായി മാർച്ച് മാസം കസബ പൊലീസ് സ്റ്റേഷനിലും നൂറ്റി അറുപത് ഗ്രാം കഞ്ചാവുമായി കഴിഞ്ഞ മാസം ടൗൺ പോലീസ് സ്റ്റേഷനിലും മജീദിനെ പിടികൂടിയിരുന്നു. ഒരുകിലോഗ്രാമിനു താഴെയുള്ള അളവിൽ കഞ്ചാവുമായി വിൽപനയ്ക്കിറങ്ങുകയാണ് പതിവ്. ഡൻസാഫ് അംഗങ്ങളായ കെ.അഖിലേഷ്, അർജുൻ അജിത്ത് ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, ടൗൺ എസ്ഐ എ. മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജേഷ്, അഷ്റഫ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.