തയ്യാറാക്കിയത് എണ്ണൂറ് കുട്ടികൾക്കുള്ള ഭക്ഷണം, അവധി പ്രഖ്യാപിച്ചതോടെ കുട്ടികൾ എത്തിയില്ല; പാകം ചെയ്ത ആഹാരം എന്ത് ചെയ്യണമെന്നറിയാതെ സ്കൂൾ അധികൃതർ
കൊച്ചി: കളക്ടർ വൈകി അവധി പ്രഖ്യാപിച്ചത് വലച്ചത് കുട്ടികളെ മാത്രമല്ല സ്കൂൾ അധികൃതരെയും. വടവുകോട് സ്കൂളിൽ എണ്ണൂറ് വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം തയ്യാറാക്കി കഴിഞ്ഞതിന് ശേഷമാണ് കളക്ടറുടെ അവധി പ്രഖ്യാപനം വന്നത്. ഇതോടെ പാകം ചെയ്ത ഭക്ഷണം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു അധികൃതർ. 8.25നാണ് കളക്ടർ രേണുരാജ് അവധി പ്രഖ്യാപിച്ചത്.വൈകി അവധി പ്രഖ്യാപിച്ചതിന് സോഷ്യൽ മീഡിയയിലൂടെ രൂക്ഷവിമർശനം ഉയർന്നിരുന്നു. പിന്നാലെ രാത്രിയിൽ ആരംഭിച്ച മഴ നിലയ്ക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതെന്ന് കളക്ടർ പ്രതികരിച്ചിരുന്നു. കൂടാതെ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടയ്ക്കേണ്ടെന്നും കുട്ടികളെ തിരിച്ചയക്കേണ്ടെന്നും രേണു രാജ് അറിയിച്ചിരുന്നു.അതേസമയം, ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പുത്തൻവേലിക്കര, കുന്നുകര, ചേന്ദമംഗലം പഞ്ചായത്തുകളിൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.