എട്ടുജില്ലകളിൽ വീണ്ടും റെഡ് അലർട്ട്; അണക്കെട്ടുകൾ തുറന്നു, നദികൾ അപകട നിലയിൽ, തൃശൂരിൽ സ്ഥിതി അതിസങ്കീർണം, ജനങ്ങളെ ഒഴിപ്പിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ്. കേരളത്തിന് മുകളിൽ അന്തരീക്ഷച്ചുഴിയും മദ്ധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. കാലവർഷക്കാറ്റും ശക്തപ്രാപിച്ചിട്ടുണ്ട്.മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാദ്ധ്യത കൂടുതലാണ്. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.അതിനിടെ ഡാമുകൾ പലതും തുറന്നതോടെ നദികളിൽ ജലനിരപ്പ് കുതിച്ചുയർന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പാലായിൽ റോഡിൽ വീണ്ടും വെള്ളം കയറിയിട്ടുണ്ട്. ചാലക്കുടിപ്പുഴയുടെ കരയിലുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാണറമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പുഴയിൽ ഇപ്പോഴും ജലനിരപ്പ് ഉയരുകയാണ്.2018 മാറി താമസിച്ച പ്രദേശങ്ങളിൽ ഉള്ളവർ മാറിതാമസിക്കണമെന്നാണ് നിർദ്ദേശം. ചാലക്കുടിയിൽ അടുത്ത ഒരുമണിക്കൂറിനുള്ളിൽ അതിതീവ്ര മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.rainഅണക്കട്ടുകളുടെ കൂടുതൽ ഷട്ടറുകൾ തുറന്നതോടെ പല സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.മീനച്ചിലാറ്റിൽ ജലനിരപ്പ് അപകടകരമായ അവസ്ഥയിലാണ്. ചിമ്മിനി ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറക്കും.പെരിങ്ങൽക്കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടർ തുറന്നിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ മഴ ശക്തമായി തുടരുകയാണ്. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്കി. ജനങ്ങള്‍ സുരക്ഷിതമായ ക്യാംപുകളിലേക്കു മാറണം.റാന്നിയില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായിട്ടുണ്ട്. കുടമുട്ടി റോഡ് തകര്‍ന്നു. പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു.പന്തളത്ത് കരിങ്ങാലി പാടത്ത് വെള്ളമുയര്‍ന്നു, നാഥനടി, ചെറുമല ഭാഗങ്ങളില്‍ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.അതിനിടെ മോശം കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട ഗൾഫിൽനിന്നുള്ള വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി. ഗൾഫിൽനിന്നുള്ള അഞ്ചെണ്ണം ഉൾപ്പടെ ആറ് വിമാനങ്ങളാണ് ഇത്തരത്തിൽ നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. ഇന്ന് രാവിലെയാണ് വിമാനങ്ങൾ എത്തിയത്. ആറെണ്ണത്തിൽ രണ്ട് വിമാനങ്ങൾ യാത്രക്കാരെ ഇറക്കി തിരികെ പോയി. ശേഷിക്കുന്ന നാല് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ തന്നെ തുടരുകയാണ്. യാത്രക്കാർക്ക് മറ്റ് അറിയിപ്പുകൾ നൽകിയിട്ടില്ല.