സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: പന്തിരിക്കരയിൽ യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. വയനാട് സ്വദേശികളായ ഷെഹീൽ, ജിനാഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉള്ളവരാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിനെ കുറിച്ച് ഇപ്പോഴും ഒരു വിവരവും ഇല്ല. തട്ടിക്കൊണ്ടുപോയ ശേഷം ഒളിത്താവളത്തിലേക്ക് മാറ്റുന്നതിനിടെ ഇർഷാദ് പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇരുവരുടെയും മൊഴി. നേരത്തെ പ്രദേശത്തെ ചില നാട്ടുകാരും സമാനമായ മൊഴി പൊലീസിന് നൽകിയിരുന്നു. അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇതിനിടെ, കഴിഞ്ഞ ദിവസം ഇർഷാദിന്റെ ഒരു വീഡിയോ സന്ദേശം പുറത്തു വന്നിരുന്നു.