കാഞ്ഞങ്ങാട്: ഭരണഘടനയെ സംരക്ഷിക്കുന്നതിന് അണിചേരണമെന്ന് ആഹ്വാനം ചെയ്തും പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടും കിസ്സ സാംസ്കാരിക സമന്വയം പ്രതിഷേധത്തെരുവ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭരണഘടയുടെ തുല്യതാസങ്കല്പ്പത്തിന് വിരുദ്ധമായ ഈ നിയമ നിര്‍മാണത്തിനെതിരെ രാജ്യത്തെ മുഴുവന്‍ തെരുവുകളിലും അലയടിക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് കാഞ്ഞങ്ങാട്ടെ പ്രതിഷേധ പരിപാടിയെന്ന് സംഘാടകര്‍ വ്യക്തമാക്കി. 16ന് നോര്‍ത്ത് കോട്ടച്ചേരിയില്‍ ഡോ.ബി ആര് അംബേദ്കര്‍ നഗറില്‍ വൈകിട്ട് 3.30 മുതല്‍ പരിപാടി ആരംഭിക്കും. ജില്ലയിലെ പ്രധാന ചിത്രകാരന്മാരും ഗായകയും വാദ്യസംഘവും ചേര്‍ന്ന് അവതരിപ്പിക്കുന്ന കൊട്ടും വരയും പാട്ടും പ്രതിഷേധ പരിപാടിയെ വ്യത്യസ്തമാക്കും.
ജില്ലയിലെ പ്രമുഖ ചിത്രകാരന്മാരായ മാധവി, ശ്യാമ ശശി, ശ്യാം പ്രസാദ്, വിനോദ് അമ്പലത്തറ, സുരേന്ദ്രന് കൂക്കാനം, ഇ വി അശോകന്, വരദ നാരായണന് എന്നിവരും മുഹമ്മദാലി, സുഭാഷ് അറുകര, ജോജി എസ് ബാബു, അനാമിക, ഷിജു, മജീദ് ആവിയില്‍ എന്നീ ഗായകരും പരിപാടിയില്‍ പങ്കെടുക്കും. പ്രതിഷേധ സംഗമം മുന്‍ എം പി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതി അഭിഭാഷകയും ആക്ടിവിസ്റ്റുമായ അഡ്വ. രേഷ്മിത രാമചന്ദ്രന്, മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ, സന്തോഷ് ഏച്ചിക്കാനം, ജാമിയ മിലിയ വിദ്യാര്‍ത്ഥി ഹസ്സന് ഷിഹാബ് എന്നിവര്‍ സംസാരിക്കും.
കാസര്‍കോടന്‍ കിസ്സ പുസ്തകം അംബികാസുതന്‍ മാങ്ങാട് പ്രകാശനം ചെയ്യും. മുഹമ്മദ് ഹാഫിലിന്റെ ഒളിച്ചുകളിയുടെ സ്ക്രീന്‍പ്ലേ പുസ്തകം പ്രൊഫ. എം എ റഹ്മാനും പ്രകാശനം ചെയ്യും. സിനിമ, നാടകം എന്നീ കലാപരിപാടികളും അരങ്ങേറും. ചടങ്ങില്‍ ഭരണഘടന വായിക്കും പൗരത്വ ഭേദഗതി നിയമം കത്തിക്കും. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ ചെയര്മാന് വി വി രമേശന്, കിസ്സ ജനറല്‍ കണ്‍വീനര്‍ മഹമ്മൂദ് മുറിയനാവി, കിസ്സ ചെയര്മാന് അഡ്വ. സി ഷുക്കൂര്‍, അബ്ബാസ് രചന, ബിബി കെ ജോസ് എന്നിവര്‍ പങ്കെടുത്തു.