വ്ളോഗർ റിഫയുടെ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ; വിവാഹ സമയത്ത് യുവതിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് പൊലീസ്
കോഴിക്കോട്: മരിച്ച വ്ളോഗർ റിഫയുടെ ഭർത്താവ് മെഹ്നാസ് പോക്സോ കേസിൽ അറസ്റ്റിൽ. വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മെഹ്നാസിനെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും.താമരശ്ശേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാസർകോട്ടുനിന്നാണ് മെഹ്നാസിനെ അറസ്റ്റ് ചെയ്തത്. റിഫയുടെ മരണത്തിൽ മെഹ്നാസിന് പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കേസിൽ ഇയാൾ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി വിധി വരാനിരിക്കെയാണ് പോക്സോ കേസിൽ അറസ്റ്റിലായത്.മാർച്ച് ഒന്നിന് ദുബായ് ജാഫിലിയയിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിനാണ് മൃതദേഹം റിഫയുടെ സ്വദേശമായ പാവണ്ടൂരിലെത്തിച്ച് ഖബറടക്കിയത്. ഇതിനുപിന്നാലെ മകൾ ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയില്ലെന്നും മെഹ്നാസിന്റെ പെരുമാറ്റത്തിൽ സംശയങ്ങളുണ്ടെന്നും കാട്ടി യുവതിയുടെ കുടുംബം കോഴിക്കോട് റൂറൽ പൊലീസ് സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു.