നീലേശ്വരം:വ്യക്തിഗത ആസ്തി നിര്‍മ്മാണത്തിലെ ഗുണഭോക്താക്കള്‍ക്കായുള്ള വായ്പ മേളയിലൂടെ കേരളത്തിന് പുത്തന്‍ മാതൃക നല്‍കുകയാണ് മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും പിലിക്കോട് പഞ്ചായത്തും. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ആസ്തി നിര്‍മ്മാണത്തിനായാണ് വായ്പ മേള നടത്തിയത്.അഞ്ച് ജെ എല്‍ ജി( ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) കളിലായി 31 ഗുണഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ വായ്പ അനുവദിച്ചത്.തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ആട്ടിന്‍ കൂട്, കോഴിക്കൂട്, പശുത്തൊഴുത്ത് എന്നിവയ്ക്ക് സാധാനസാമഗ്രിക്കുള്ള തുകയാണ് വായ്പയിലൂടെ ലഭ്യമാക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ തുക ഗുണഭോക്താവ് മുടക്കേണ്ടതാണ്.എന്നാല്‍ പണത്തിന്റെ പരിമിതി മൂലം നിര്‍മ്മാണം നടത്താനാകാത്ത കുടുംബങ്ങള്‍ക്ക് കൈത്താങ്ങായാണ് പദ്ധതി നടപ്പാക്കുന്നത്.2959500 രൂപയാണ് ആദ്യ വായ്പാ മേളയിലൂടെ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള വ്യക്തിഗത ആസ്തി നിര്‍മ്മാണത്തിലെ ഗുണഭോക്താക്കള്‍ക്കായുള്ള വായ്പ മേള കൊടക്കാട് സര്‍വീസ് സഹകരണ ബാങ്കുമായി ചേര്‍ന്നാണ് നടപ്പിലാക്കുന്നത്.
വായ്പാ മേള: ആസ്തി വികസന പദ്ധതിക്ക് ഒരു പുതിയ തുടക്കം
പരിമിതികളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ വരുന്നതെന്നും ആസ്തി വികസന പദ്ധതിക്ക് ഒരു പുതിയ തുടക്കമാണ് ഈ വായ്പ മേള നല്‍കുന്നതെന്നും പിലിക്കോട് പഞ്ചായത്തില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ജാനകി പറഞ്ഞു.പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശൈലജ അധ്യക്ഷയായി. കാസര്‍കോട് ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയുടെ ജോയിന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ പ്രദീപന് ചെക്ക് വിതരണം ചെയ്തു. നീലേശ്വരം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ആര് സജീവന്, കൊടക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി വി നാരായണന്, നീലേശ്വരം ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ ജി ബിജുകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം കുഞ്ഞിരാമന്,കൊടക്കാട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ പ്രഭാകരന് എന്നിവര്‍ സംസാരിച്ചു.പിലിക്കോട് പഞ്ചായത്ത് സെക്രട്ടറി കെ രമേശന് സ്വാഗതവും പിലിക്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ വിജയന് നന്ദിയും പറഞ്ഞു
തൊഴിലുറപ്പ് വായ്പ മേള
വ്യക്തികള്‍ക്കും സമൂഹത്തിനും പ്രയോജനകരമാകുന്ന രീതിയില്‍ ആസ്തികള്‍ സൃഷ്ടിക്കാന്‍ മുന്‍തൂക്കം നല്കുന്ന പ്രവര്‍ത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഇതില്‍ വ്യക്തിഗത ആസ്തി നിര്‍മ്മാണത്തില്‍ കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ നടന്നു വരുന്നത്. എന്നാല്‍ ഒരു വ്യക്തിഗത പദ്ധതി നടപ്പാക്കുമ്പോള്‍ അതിനുള്ള സാധന സാമഗ്രികള്‍ക്കുള്ള തൂക ഗുണഭോക്താവ് കണ്ടെത്തണം. പിന്നീട് ഈ പണം സര്‍ക്കാര്‍ നല്‍കുമെങ്കിലും അത്രയും തുക ഒന്നിച്ചെടുക്കാന്‍ കഴിയാത്തവര്‍ക്കായാണ് വായ്പാമേള നടത്തുന്നത്. കയൂര്‍ ചീമേനി പഞ്ചായത്തിലും വായ്പ മേള നടത്താനായി മുന്നോട്ട് വന്നിട്ടുണ്ട്.
വ്യക്തിഗത ആസ്തി നിര്‍മ്മാണത്തിലെ ഗുണഭോക്താക്കളുടെ അപേക്ഷകള്‍ വാര്‍ഡ് തലത്തില്‍ സ്വീകരിക്കുകയും ഇവര്‍ക്കായുള്ള യോഗം നടത്തും. ഇവരുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള എസ്റ്റിമേറ്റ് തുക കണക്കാക്കിയ ശേഷം സ്വയം പണമെടുക്കാന്‍ കഴിയുന്നവരെയും കഴിയാത്തവരെയും തരംതിരിക്കും. തുടര്‍ന്ന് സഹകരണ ബാങ്കുകളിലെ ജെ എല്‍ ജി ലോണുകള്‍ ലഭ്യമാക്കാനായി ഒരേ പ്രദേശത്തെയൊ /വാര്‍ഡിലെയോ ഗുണഭോക്താക്കളെ ചേര്‍ത്ത് ഒരു ജെ എല്‍ ജി രൂപീകരിക്കുന്നു. ഈ ജെ എല്‍ ജി കള്‍ക്ക് ഒരു പേരും ഒരു പ്രസിഡന്റും സെക്രട്ടറിയും ഉണ്ടാകും. തുടര്‍ന്ന് അവരുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുക ജെ എല്‍ ജി ലോണ്‍ വഴി ലഭ്യമാക്കുന്നു. സര്‍ക്കാരില്‍ നിന്ന് ഈ തുക പാസാകുന്ന മുറക്ക് വായ്പ തിരിച്ചടക്കുന്നു.വര്‍ഷം 10 ശതമാനം പലിശ നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് വായ്പ നല്‍കുക.
ഇതില്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ട തുക എസ്റ്റിമേറ്റ് കണക്കാക്കി ബാങ്കിനെ അറിയിക്കേണ്ടതും ഗുണഭോക്താക്കളെ ജെ എല്‍ ജി ഗ്രൂപ്പുകളായി തിരിക്കേണ്ടതും പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തിന്റെ ചുമതലയാണ്. കൂടാതെ പഞ്ചായത്തുമായുള്ള ധാരണ പ്രകാരം ആദ്യ ഘട്ടത്തില്‍ 50 ശമാനവും പിന്നീട് 40,10 ശതമാനമായാണ് തുക നല്‍കുക. നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ഗ്രാമസേവകനും തൊഴിലുറപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന മോണ്ിറ്ററിങ് കമ്മിറ്റി നല്കുന്ന സ്റ്റേജ് സര്‍ട്ടിഫീക്കറ്റ് ഹാജരാക്കിയാല്‍ മാത്രമെ രണ്ടാം ഗഡുവും മൂന്നാം ഗഡുവും ലഭ്യമാകു. വ്യക്തിഗത ലോണുകള്‍ നല്കുന്നതിനേക്കാള് ജെ എല്‍ ജി ലോണുകള്‍ നല്കുമ്പോള് തുകയുടെ മേല്‍ ഗുണഭോക്താക്കള്‍ക്ക് കൂട്ടുത്തരവാദിത്വമുണ്ടാവുകയും ഇതു വഴി തിരിച്ചടവ് ഉറപ്പുവരുത്താനാകുമെന്നും നീലേശ്വരം ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസറും പദ്ധതിയുടെ മുഖ്യ ആസൂത്രകനുമായ കെ ജി ബിജുകുമാര്‍ പറയുന്നു. ഇത്തരം തൊഴിലുറപ്പ് വായ്പ മേളകള്‍ ഗ്രാമതലത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പുത്തന്‍ ഉണര്‍വ്വ് സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ശ്രീധരനും പറയുന്നു.