കാഞ്ഞങ്ങാട്: അജാനൂര്‍ പുതിയകണ്ടം വിശ്വകര്മ്മക്ഷേത്ര പരിസരത്ത് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സ്വദേശി ദര്ശന് കെട്ടിടത്തിന് കേന്ദ്രമന്ത്രി വി.മുരിളീധരന് ശിലാസ്ഥാപനം നടത്തിയ ചടങ്ങില്‍ കേന്ദ്രമന്ത്രി പൂര്‍ണ്ണമായും പ്രോട്ടോകോള്‍ ലംഘിച്ചതായി ആരോപണം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മാവുങ്കാല്‍ പുതികണ്ടത്തുള്ള ശ്രീമദ് പരമശ്ശിവ വിശ്വകര്മ്മക്ഷേത്ര പരിസരത്ത് പണിയുന്ന സ്വദേശി ദര്ശന് കെട്ടിടത്തിന് കേന്ദ്രമന്ത്രി വി.മുരിളീധരന് ശിലാസ്ഥാപനം നടത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് നടത്താന്‍ വിളംബരം ചെയ്ത ശിലാസ്ഥാപനം മന്ത്രി എത്താന്‍ വൈകിയതിനാല്‍ അന്ന് വൈകുന്നേരം 6.30 മണിക്കാണ് നടന്നത്. കേന്ദ്രസര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് 37,82,616 രൂപ ഈ സ്വദേശി ദര്ശന് കെട്ടിടത്തിന് അനുവദിച്ച് നല്‍കിയിട്ടുണ്ട്.1700 ചതുരശ്ര അടിവിസ്തീര്ണ്ണമുള്ള കെട്ടിടത്തിന്റെ ശിലാസ്ഥാപനമാണ് കേന്ദ്രമന്ത്രി വി.മുരിളീധരന് ക്ഷേത്ര പരിസരത്ത് നിര്വ്വഹിച്ചതെന്നതുകൊണ്ട് തന്നെപൂര്ണ്ണമായും സ്വദേശി ദര്ശന് കെട്ടിടത്തിന്റെ ശിലാസ്ഥാപനച്ചടങ്ങ് കേന്ദ്രസര്‍ക്കാര്‍ പരിപാടിയാണ്. കേന്ദ്രസര്‍ക്കാര്‍ പരിപാടികളില്‍ കേന്ദ്രമന്ത്രി സബന്ധിക്കുമ്പോള് നിര്‍ബന്ധമായും സ്ഥലം പാര്‍ലമെന്റ് അംഗം അധ്യക്ഷനായിരിക്കണം. പുതിയകണ്ടം സ്വദേശി ദര്ശന് കെട്ടിടത്തിന്റെ ശിലാസ്ഥാപനം കേന്ദ്രമന്ത്രി നിര്‍വ്വഹിച്ച ചടങ്ങില്‍ ശ്രീമദ് പരമശ്ശിവ വിശ്വകര്മ്മക്ഷേത്രം ഭരണ സമിതി പ്രസിഡണ്ട് പി.കെ.രാമകൃഷ്ണന് അചാരി അധ്യക്ഷം വഹിച്ചതും കടുത്ത പ്രോട്ടോകോള്‍ ലംഘനമാണ്.കാസര്‍കോട് എം.പിയെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചതേയില്ല.അജാനൂര്‍ ഗ്രാമഞ്ചായത്തിലാണ് പുതിയകണ്ടം ശ്രീമദ് പരമശ്ശിവ ക്ഷേത്രം നിലകൊള്ളുന്നത്.സി.പി.എം ഭരിക്കുന്ന അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ട് പി.ദാമോദരന്റെ പേര് ചടങ്ങില്‍ ആശംസാപ്രസംഗമായിട്ടാണ് ചേര്‍ത്തിരിക്കുന്നത്.കേന്ദ്രമന്ത്രി പങ്കെടുത്ത ചടങ്ങ് കേന്ദ്രസര്‍ക്കാര്‍ പരിപാടിയായതിനാല്‍ സ്ഥലം എംഎല്‍എയെ ചടങ്ങില്‍ ഉള്‍പ്പെടുത്താമായിരുന്നിട്ടും കാഞ്ഞങ്ങാട് എംഎല്‍എയും സംസ്ഥാന റവന്യൂവകുപ്പ് മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്റെ ശ്രദ്ധയില്‍ ഇത്തരമൊരു ശിലാസ്ഥാപനച്ചടങ്ങ് പെട്ടതേയില്ല.മാത്രമല്ല കേന്ദ്രമന്ത്രി സബന്ധിക്കുന്ന ചടങ്ങില്‍ ജില്ലാഭരണാധികാരിയും ജില്ലാപോലീസ് മേധാവിയും പ്രോട്ടോകോള്‍ അനുസരിച്ച് ചടങ്ങ് നടക്കുന്ന സ്ഥലത്തുണ്ടായിരിക്കേണ്ടതും നിര്‍ബന്ധമാണെങ്കിലും ജില്ലാകലക്ടറുടെയും പോലീസ് മേധാവിയുടെയും സാന്നിദ്ധ്യം സ്വദേശി ദര്ശന് കെട്ടിട ശിലാസ്ഥാപനച്ചടങ്ങില്‍ ഉണ്ടായിരുന്നില്ല.ഇതും കടുത്ത പ്രോട്ടോകോള്‍ ലംഘനമാണ്.