കർണാടക: കർണാടകയിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങുന്നു. മൈസൂർ നഗരസഭ മേയർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നേതാക്കളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റാൻ ജെഡിഎസ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി 18നാണ് മേയർ തിരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ ധാരണ പ്രകാരം ഇവിടെ മേയർ തിരഞ്ഞെടുപ്പിൽ ജെഡിഎസിനെ കോൺഗ്രസ് പിന്തുണയ്ക്കും.
കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ അട്ടിമറിച്ച് മേയർ സ്ഥാനം സ്വന്തമാക്കാൻ ബിജെപി ശക്തമായി രംഗത്തുള്ള സാഹചര്യത്തിലാണ് ജെഡിഎസ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്. സംസ്ഥാന ഭരണം അട്ടിമറിച്ചതുപോലെയുള്ള സാഹചര്യം ഒഴിവാക്കാനാണ് ജെഡിഎസിന്റെ നീക്കം.
വിപ്പ് നൽകി
മുൻ മന്ത്രി എസ് ആർ മഹേഷിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 18 കൗൺസിലർമാർക്കും ജെഡിഎസ് വിപ്പ് നൽകി. മേയറെ തിരഞ്ഞെടുക്കുന്നതിൽ ഹൈക്കമാൻഡിൻറെ തീരുമാനം അനുസരിക്കണമെന്നാവശ്യപ്പെട്ടാണ് വിപ്പ് നൽകിയിരിക്കുന്നത്. എല്ലാ കൗൺസിലർമാരോടും ഐക്യത്തോടെ തുടരണമെന്നും പാർട്ടി നേതൃത്വത്തിന്റെ തീരുമാനം പാലിക്കണമെന്നും നിർദ്ദേശം നൽകിയതായി മൈസൂരു യൂണിറ്റ് പ്രസിഡന്റ് കെടി ചെലിവെ ഗൗഡ വ്യക്തമാക്കി.
65 അംഗ കോർപ്പറേഷനിൽ ബിജെപിക്ക് 21, കോൺഗ്രസിന് 19 ജെഡിഎസിന് 18 എന്നിങ്ങനെയാണ് സീറ്റ് നില. ഒരു ബിഎസ്പി അംഗം ഉൾപ്പെടെ മറ്റ് 6 കൗൺസിലർമാർ കൂടിയുണ്ട്. 18-ാം വാർഡിൽ നിന്നുള്ള ബിജെപിയുടെ ഗുരു വിനായകിന്റെ വിജയം ഹൈക്കോടതി റദ്ദാക്കിയതോടെ ഈ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്.
2018ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മൈസൂർ നഗരസഭയിൽ ഒരു പാർട്ടിയും ഭൂരിപക്ഷം നേടിയിരുന്നില്ല. ബിജെപി അധികാരത്തിൽ എത്തുന്നത് തടയാനായി കോൺഗ്രസും ജെഡിഎസും സഖ്യം രൂപീകരിക്കുകയായിരുന്നു. പദവികൾ തുല്യമായി പങ്കിടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു സഖ്യം. ധാരണ പ്രകാരം കോൺഗ്രസിൽ നിന്നും ആദ്യ മേയറെ തിരഞ്ഞെടുത്തു. ഇനി ജെഡിഎസിന്റെ അവസരമാണ്.
സംസ്ഥാന തലത്തിൽ രൂപം കൊണ്ട ജെഡിഎസ്- കോൺഗ്രസ് സഖ്യം സഖ്യ സർക്കാർ താഴെ വീണതിന് പിന്നാലെ തകർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മൈസൂർ കോർപ്പറേഷനിൽ ഇരു പാർട്ടികളും സഖ്യം തുടർന്നേക്കുമോയെന്ന ആശങ്ക നില നിന്നത്. എന്നാൽ കോൺഗ്രസ്- ജെഡിഎസ് നേതാക്കൾ തമ്മിൽ നടന്ന ചർച്ചകൾ പ്രകാരം സഖ്യം തുടരാൻ ധാരണയായത്. ഇതോടെ മേയർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജെഡിഎസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും. ഡെപ്യൂട്ടി മേയർ സ്ഥാനം കോൺഗ്രസിന് ലഭിക്കും.
മൈസൂരിൽ നിന്നുള്ള എംപിമാർക്കും എംഎൽഎമാർക്കും മേയർ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ട്. കൗൺസിലർമാരുടെ കൂറുമാറ്റം തടയാൻ അവരെ ഒരു അജഞാത കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം. വോട്ടെടുപ്പ് ദിവസം രാവിലെ 7.30നും എട്ട് മണിക്കും ഇടയിൽ അവരെ മൈസൂർ കോർപ്പറേഷനിൽ എത്തിക്കാനാണ് തീരുമാനമെന്നും ഒരു ജെഡിഎസ് നേതാവ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേയർ തിരഞ്ഞെടുപ്പിൽ ബിജെപി ഓപ്പറേഷൻ താമര പുറത്തെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഇദ്ദേഹം പറയുന്നു.
ധാരണ പ്രകാരം ഇത്തവണ ഡെപ്യൂട്ടി മേയർ പദവിക്ക് അർഹതയുള്ള കോൺഗ്രസ് എംഎൽഎമാരെ അയക്കുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. 15 വർഷങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മേയർ സ്ഥാനം ലഭിക്കുന്നത്. നേരത്തെ ഇവിടെ ജെഡിഎസിന്റെ പിന്തുണ ബിജെപിക്കായിരുന്നു.