‘സിപിഎമ്മുകാരില്‍ നിന്ന് നേരിട്ടത് നിരന്തര പീഡനം’ ; വടകരയില്‍ ആത്മഹത്യാശ്രമം നടത്തിയ യുവാവ്
കോഴിക്കോട്: പിരിവു നല്‍കാത്തതിന്റെ പേരില്‍ സിപിഎം നേതാക്കളില്‍ നിന്ന് നിരന്തര പീഡനം നേരിടേണ്ടി വന്നതിനാലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് വടകരയിൽ ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുൻപിൽ ആത്മഹത്യ ശ്രമം നടത്തിയ പ്രശാന്ത്. പെട്രോൾ കുടിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള പ്രശാന്ത് അപകട നില തരണം ചെയ്തു. സംഭവത്തെക്കുറിച്ച് സിപിഎം നേതൃത്വം പ്രതികരിച്ചിട്ടില്ല.
രണ്ടുവർഷത്തിലേറെയായി പ്രാദേശിക സിപിഎം നേതാക്കള്‍ തുടരുന്ന ഭീഷണിയും മാനസിക പീഡനവുമാണ് ബ്രാഞ്ച് സെക്രട്ടറി പവിത്രന്റെ വീടിന് മുന്നിൽ വച്ച് കടുംകൈ ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രശാന്ത് പറയുന്നു. നേരത്തെ വീടിനോട് ചേർന്നുളള സ്ഥലത്ത് താറാവ് വളർത്തലും മത്സ്യകൃഷിയും തുടങ്ങിയിരുന്നു. മൂന്ന് ലക്ഷംരൂപ പാർട്ടിഫണ്ടിലേക്ക് നേതാക്കൾ ചോദിച്ചെന്നും അത് നൽകാത്തതിനെത്തുടര്‍ന്നാണ് ഭീഷണി തുടങ്ങിയതെന്നും പ്രശാന്ത് പറയുന്നു. ഏറ്റവുമൊടുവിൽ വീട്ടിൽ കാറ്ററിംഗ് സംരംഭത്തിന് തുടക്കമിട്ടെങ്കിലും അനുമതിയില്ലെന്ന പേരിൽ നേതാക്കളിടപെട്ട് അതും പൂട്ടിച്ചു.
നേരത്തെ ഒരപകടത്തിൽ പെട്ട് പ്രശാന്തിന്റെ കാൽ മുറിച്ചുമാറ്റിയിരുന്നു. അംഗപരിമിതിയുണ്ടെന്ന കാര്യംപോലും സിപിഎം പ്രവർത്തകർ പരിഗണിച്ചില്ലെന്നും പൊലീസിൽ പരാതി നൽകിയിട്ട് നടപടിയെടുത്തില്ലെന്നും പ്രശാന്ത് പറയുന്നു. സംഭവത്തെക്കുറിച്ച് പ്രതികരണത്തിനോ വിശദീകരണത്തിനോ സിപിഎം ജില്ല നേതൃത്വം തയ്യാറായില്ലെങ്കിലും സൈബർ ഗ്രൂപ്പുകളിൽ പ്രശാന്തിനെതിരെ വ്യാപകമായി അധിക്ഷേപം തുടങ്ങിയിട്ടുണ്ട് .