ഹണിമൂണിനിടെ കഞ്ചാവ് ലഹരിയില്‍ ഭാര്യയെ കൊന്ന് വെള്ളച്ചാട്ടത്തില്‍ തള്ളി; 22-കാരന് അറസ്റ്റില്‍
ചെന്നൈ: ഹണിമൂണിനിടെ ഭാര്യയെ കുത്തിക്കൊന്ന് വെള്ളച്ചാട്ടത്തില്‍ തള്ളിയ 22-കാരന് അറസ്റ്റില്‍. ചെന്നൈയ്ക്ക് സമീപം പടിയനെല്ലൂര്‍ സ്വദേശി മദനെയാണ് ചെന്നൈ റെഡ് ഹില്‍സ് പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശിലെ കൈലാസ കൊണ വെള്ളച്ചാട്ടത്തില്‍വെച്ച് ജൂണ്‍ 25-ാം തീയതിയാണ് ഭാര്യ തമിഴ്ശെല്‍വി(18)യെ മദന്‍ കൊലപ്പെടുത്തിയതെന്നും കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
ചെന്നൈ പുഴല്‍ സ്വദേശികളായ മാണിക്കം-ബല്‍ക്കീസ് ദമ്പതിമാരുടെ മകളാണ് കൊല്ലപ്പെട്ട തമിഴ്ശെല്‍വി. പ്രണയത്തിലായിരുന്ന തമിഴ്ശെല്‍വിയും മദനും നാലുമാസം മുമ്പാണ് വിവാഹിതരായത്. ശെല്‍വിയുടെ മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്നായിരുന്നു കമിതാക്കളുടെ വിവാഹം. തുടര്‍ന്ന് നവദമ്പതിമാര്‍ ജ്യോതിനഗറിലെ വീട്ടില്‍ താമസവും തുടങ്ങി.
എന്നാല്‍ വിവാഹത്തിന് പിന്നാലെ ദമ്പതിമാര്‍ക്കിടയില്‍ വഴക്കും തര്‍ക്കങ്ങളും പതിവായിരുന്നു. മദന്‍ ഭാര്യയില്‍ സംശയം തോന്നിത്തുടങ്ങിയതോടെയാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്. ജൂണ്‍ 25-ാം തീയതി നവദമ്പതിമാര്‍ ആന്ധ്രപ്രദേശിലെ ചിറ്റൂരിന് സമീപമുള്ള കൈലാസ കൊണ വെള്ളച്ചാട്ടത്തിലേക്ക് ഉല്ലാസയാത്ര പോയി. ഇവിടെവെച്ച് ഭാര്യയുമായി വഴക്കുണ്ടായെന്നും തുടര്‍ന്ന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയെന്നുമാണ് മദന്റെ മൊഴി. അതേസമയം, യുവാവ് മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൃത്യം നടത്താനുള്ള കത്തി നേരത്തെ വാങ്ങിവെച്ചിരുന്നതായും പോലീസ് പറഞ്ഞു.
ജൂണ്‍ 23-ന് ശേഷം തമിഴ്ശെല്‍വിയെക്കുറിച്ച് വിവരമില്ലെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മാണിക്കവും ബല്‍ക്കീസും റെഡ് ഹില്‍സ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മകളെ മൊബൈല്‍ഫോണില്‍ വിളിക്കുമ്പോള്‍ പലകാര്യങ്ങള്‍ പറഞ്ഞ് മദന്‍ ഒഴിഞ്ഞുമാറുകയാണെന്നും ജൂണ്‍ 29-ാം തീയതി നല്കിയ പരാതിയില്‍ ഇവര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് മദനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
വെള്ളച്ചാട്ടത്തിലേക്ക് പോയ സമയത്ത് ഭാര്യയുമായി വഴക്കുണ്ടായെന്നും ഇതിനിടെ കത്തി കൊണ്ട് കുത്തിപരിക്കേല്പ്പിച്ചെന്നുമായിരുന്നു മദന്റെ മൊഴി. സംഭവസമയത്ത് താന്‍ കഞ്ചാവ് ലഹരിയിലായിരുന്നതിനാല്‍ കാര്യങ്ങള്‍ കൃത്യമായി ഓര്‍മയില്ലെന്നും വെള്ളച്ചാട്ടത്തിന് സമീപത്തെ മരങ്ങള്‍ക്കിടയിലാണ് ഭാര്യയെ ഉപേക്ഷിച്ചതെന്നും യുവാവ് പറഞ്ഞിരുന്നു. തുടര്‍ന്ന് തമിഴ്ശെല്‍വിയെ കണ്ടെത്താനായി റെഡ് ഹില്‍സ് പോലീസ് ചിറ്റൂരിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആദ്യഘട്ട തിരച്ചില്‍ അവസാനിപ്പിച്ച് പോലീസ് മടങ്ങിയതോടെ കേസിലെ തുടരന്വേഷണവും നിലച്ചു. ഇതോടെ ശെല്‍വിയുടെ മാതാപിതാക്കള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. തുടര്‍ന്നാണ് കേസില്‍ വീണ്ടും അന്വേഷണം ആരംഭിച്ചത്.
ചിറ്റൂരിലെത്തി നടത്തിയ അന്വേഷണത്തില്‍ നവദമ്പതിമാര്‍ ബൈക്കില്‍ പോകുന്നതിന്റെയും പിന്നീട് മദന്‍ ഒറ്റയ്ക്ക് ബൈക്കില്‍ തിരികെ വരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇതിനുപിന്നാലെ ആന്ധ്രപ്രദേശിലെ നാരായണവനം പോലീസുമായി സഹകരിച്ച് നടത്തിയ തിരച്ചിലില്‍ കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ശെല്‍വിയുടെ മാതാപിതാക്കള്‍ മൃതദേഹം മകളുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, അഴുകിയനിലയിലായതിനാല്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് അറിയിച്ചു.
സംഭവത്തില്‍ മദനെതിരേ കൊലക്കുറ്റം ചുമത്തി നാരായണവനം പോലീസും കേസെടുത്തിട്ടുണ്ട്. നേരത്തെ റെഡ് ഹില്‍സ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും നാരായണവനം പോലീസിന് കൈമാറി. അതിനിടെ, മദന്റെ രണ്ട് സുഹൃത്തുക്കളെയും കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ്(22) പാണ്ഡു(25) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കൊലപാതകവിവരം മദന്‍ വെളിപ്പെടുത്തിയിട്ടും ഇക്കാര്യം സുഹൃത്തുക്കളായ രണ്ടുപേരും മറച്ചുവെച്ചെന്നാണ് പോലീസ് പറയുന്നത്. ഇരുവരും സംഭവദിവസം ചിറ്റൂരിലുണ്ടായിരുന്നോ എന്നകാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.