കാസർകോട് മരുതോം ചുള്ളിയിലെ വനത്തില്‍ ഉരുള്‍പൊട്ടല്‍
കാസര്‍കോട് : ജില്ലയില്‍ മരുതോം ചുള്ളിയിലെ വനത്തില്‍ ഉരുള്‍പൊട്ടല്‍. മലയോര ഹൈവേയിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകിയെത്തി.ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. പ്രദേശത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഉരുള്‍പൊട്ടിയിരുന്നു. വിവിധ ഇടങ്ങളില്‍ ആളുകള്‍ ഒഴുക്കില്‍പ്പെടുകയും ചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കണിച്ചാര്‍ പഞ്ചായത്തില്‍ ഏലപ്പീടികയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് നാല് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
സംസ്ഥാനത്തെ മഴക്കെടുതികളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ഇന്ന് മന്ത്രിസഭാ യോഗം വിലയിരുത്തും. ഓണ്‍ലൈന്‍ ആയാണ് യോഗം.ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ തുടരുന്നതിനാലാണ് ഓണ്‍ലൈനായി യോഗം ചേരുന്നത്. നിലവില്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധ മാര്‍ഗങ്ങള്‍, അപകടസാധ്യതകള്‍ തുടങ്ങിയവ മന്ത്രിമാര്‍ യോഗത്തില്‍ അറിയിക്കും.
സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കുള്ള സാധ്യത തത്കാലം ഒഴിഞ്ഞതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നിലവില്‍ മൂന്ന് ജില്ലകളില്‍ മാത്രമാണ് അതിതീവ്രമഴയ്ക്കുള്ള സാധ്യത ഉള്ളത്.കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ എന്നീ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്. നാളെ കണ്ണൂര്‍,വയനാട്,ഇടുക്കി, കോട്ടയം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് നിലവിലുള്ളത്.