മൂവാറ്റുപുഴയിൽ റോഡിന് നടുവിൽ വൻ ഗർത്തം; എം സി റോഡിൽ ഗതാഗത നിയന്ത്രണം
മൂവാറ്റുപുഴ: മൂവാറ്റുപുഴ പാലത്തിന്റെ അപ്രോച്ച് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ കച്ചേരിത്താഴം പാലത്തിനു സമീപമാണ് റോഡരികില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി ഗര്‍ത്തം രൂപപ്പെട്ടത്. ആയിരക്കണക്കിനാളുകള്‍ സഞ്ചരിക്കുന്ന എംസി റോഡിനോട് ചേര്‍ന്നാണ് അപകടമുണ്ടായത്.
പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വ്യാപാരസമുച്ചയത്തിന്റെ മുന്നിലെ പാര്‍ക്കിംഗ് പ്രദേശത്ത് രൂപപ്പെട്ട വലിയ കുഴി ആദ്യം കണ്ടത് സ്ഥലത്തെ വ്യാപാരികളാണ്. പെട്ടെന്നായിരുന്നു ഗര്‍ത്തം രൂപപ്പെട്ടത്. പാലവും റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്താണിത്. പാലത്തിനും റോഡിനും അടിയിലേക്ക് ഇറങ്ങിപ്പോകാവുന്ന വിധത്തിലുള്ള കുഴിക്ക് പത്തടിയോളം വിസ്തൃതിയുണ്ട്. കുഴിയുണ്ടായ സമയത്ത് വാഹനമോ ആളുകളോ ഉണ്ടായിരുന്നില്ല. ഇത് വൻ അപകടം ഒഴിവായി
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി. അപകട സാദ്ധ്യത അറിയിച്ചുകൊണ്ടുള്ള ബോര്‍ഡുകളും സ്ഥാപിച്ചു. പാലം വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.