ന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ കശ്മീര്‍ ഡി.എസ്.പി ദേവീന്ദര്‍ സിങ് ഭീകരരെ താമസിപ്പിച്ചത് സ്വന്തം വീട്ടില്‍. ശ്രീനഗറിലെ സൈനിക കേന്ദ്രത്തോട് അടുത്തു നില്ക്കുന്ന വീടാണ് ദേവീന്ദറിന്റേത്. ശ്രീനഗറിലെ ഏറ്റവും സുരക്ഷിത സ്ഥലങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന ഇന്ദിരാ നഗറിലാണ് ഈ വീടുള്ളത്. വീടിന്റെ മതിലിന് അപ്പുറമാണ് 15 കോര്‍പ്സിന്റെ ആസ്ഥാനം. എന്നാല്‍ അഞ്ചു വര്‍ഷമായി വാടക വീട്ടിലാണ് ദേവീന്ദറിന്റെ താമസം. ഈ വീട്ടില്‍ നിന്ന് പൊലീസ് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. ദേവീന്ദര്‍ സിങിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.കുല്‍ഗാം ജില്ലയിലെ വാന്‍പോയില്‍ സ്വദേശിയും ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദിയുമായ നവീദ് ബാബു, മുന്‍ സ്പെഷ്യല്‍ പോലീസ് ഓഫീസറും തീവ്രവാദിയുമായ അല്‍ത്താഫ് എന്നിവര്‍ക്കാണ് സിങ് അഭയം നല്‍കിയത്. വെള്ളിയാഴ്ച വൈകിട്ട് വീട്ടിലെത്തിയ ഇവര്‍ ശനിയാഴ്ച രാവിലെയാണ് ദല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ പിടിയിലായത്. ദാവീന്ദര്‍ സിംഗിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇവിടെനിന്ന് എ.കെ 47 തോക്കും രണ്ടു പിസ്റ്റളും കണ്ടെടുക്കുകയും ചെയ്തു. ദക്ഷിണ കശ്മീരിലെ സോഫിയാനില്‍ നിന്നാണ് രണ്ടു ഭീകരരെയുമായി ദേവീന്ദര്‍സിങ് തന്റെ വീട്ടിലെത്തിയത്. തീവ്രവാദ വിരുദ്ധ നടപടികള്‍ക്ക് രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ പോലീസുകാരനാണ് ഇയാള്‍. ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി.എസ്.പി ആണ് ഇയാൾ . സിങിനെ ഭീകരവാദിയായി കണക്കാക്കുമെന്നും എല്ലാ സുരക്ഷാ ഏജന്‍സികളും ഇയാളെ ചോദ്യം ചെയ്യുമെന്നും ജമ്മു കശ്മീര്‍ പോലീസ് ഐ.ജി വിജയകുമാര്‍ പറഞ്ഞു.ഭീകരര്‍ക്കൊപ്പം ദല്‍ഹിയിലേക്ക് യാത്ര ചെയ്യവേ ജമ്മു കശ്മീര്‍ ഹൈവേയിലാണ് ഇവര്‍ പിടിയിലായത്. നവീദ് ബാബുവിന്റെ സഹോദരന്റെ ഫോണിലേക്ക് വന്ന കോള്‍ നിരീക്ഷിച്ചാണ് പോലീസ് ഇവരെ കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തെക്കന്‍ കശ്മീരില്‍ ട്രക്ക് ഡ്രൈവര്‍മാരും തൊഴിലാളികളും ഉള്‍പ്പെടെ 11 പേര് കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് നവീദ് ബാബു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ആപ്പിള്‍ വ്യവസായ മേഖലയില്‍ ജോലിക്കെത്തുന്ന പ്രദേശവാസികളല്ലാത്ത തൊഴിലാളികളെ പുറത്താക്കാനായി നടന്നുവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം കൊലപാതക പരമ്പരകളെന്നു പോലീസ് സംശയിക്കുന്നു. നവീദ് ബാബുവിന്റെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നുവെന്നും നവീദിന്റെ സഹോദരന് ഫോണ്‍ വിളിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ എവിടെയാണെന്നത് കണ്ടെത്താന്‍ പോലീസിന് സാധിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഡി.എസ്.പി പിടികൂടിയതുമായി ബന്ധപ്പെട്ട ആർഎസ്എസ് വലിയ പ്രതികരണമൊന്നും നടത്താത്തതും നവമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് ആര്.എസ്.എസിന് നേരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും രംഗത്തെത്തി
ദേവിന്ദര്‍ സിങ്,ദേവിന്ദര്‍ ഖാന് ആയിരുന്നെങ്കില്‍ ആര്.എസ്.എസ് ട്രോള്‍ റെജിമെന്റിന്റെ പ്രതികരണം കൂടുതല്‍ ശക്തമാവുമായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. നിറം, വിശ്വാസം, മതം എന്നിവയ്ക്കതീതമായി നമ്മുടെ രാജ്യത്തിന്റെ ശത്രുക്കളെ അപലപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചൗധരി ആര്.എസ്.എസിനെതിരെ ആഞ്ഞടിച്ചത്.